Saturday, July 9, 2011

പറ്റിക്കലിന്റെ പൂരനാളുകൾ

ഒരു പൂരത്തിനു കൂടി തേക്കിൻ കാടൊരുങ്ങുമ്പോൾ ഓരോ പൂരപ്രേമികളുടെ മനസിലും പൂര സ്മരണകൾ നാനാ വിധമാണ്.

ആനചമയങ്ങളുടെ ചന്തങ്ങൾ…

ഇലഞ്ഞിതറമേള കൊഴുപ്പ്…

കുടമാറ്റങ്ങളുയർത്തുന്ന ഹർഷാരവങ്ങൾ…

പൂരപന്തലുകളുടെ അലങ്കാരപ്രഭ…

വെടിക്കെട്ടിന്റെ കൺകുളിക്കും കാഴ്ച്ചകൾ

പക്ഷെ…ഇതിനുമൊക്കെ അപ്പുറം,

ത്രിശ്ശൂർകാർക്ക് പൂരം തേക്കിൻ കാടിന്റെ തിരക്കിലലിയലാണ്.

എത്ര തവണ ആ തിരക്കിലലിഞ്ഞു ചേർന്നാലും മതിയാവാതെ….പിന്നെയും നടക്കും..

പുതിയ കാഴ്ച്ചകൾക്കു കൺ തുറന്ന്.

നിമിഷ പ്രണയങ്ങളുടേതു കൂടിയാണു ഈ പൂരനാളുകൾ!

കണ്ണുകൾ പരസ്പരം ഉടക്കി

ഹ്രദയം കൊണ്ട് പറയാതെ പറയുന്നതിനു മുൻപെ

തേക്കിൻ കാടിന്റെ തിരക്കുകളിൽ

അലിഞ്ഞു പോകുന്ന പ്രണയങ്ങൾ!

എല്ലാറ്റിനുമപ്പുറം,

കുട്ടികാലത്ത് ഞങ്ങൾ കുട്ടികളുടെ പൂരം പറ്റിക്കലുകളുടേതായിരുന്നു.

ത്രിശ്ശൂർ കിഴക്കെ അങ്ങാടിയിലെ വീടിനു മുൻപിലെ വഴിയിലൂടെ തേക്കിൻ കാട് ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ജനസമുദ്രങ്ങളായിരുന്നു ഞങ്ങളുടെ ഇരകൾ.

പൂരം കാണുവാൻ വരുന്ന ബന്ധുജനങ്ങളെകൊണ്ട് വീട് എപ്പോഴും ശബ്ദ്മുഖരിതമാകും.

അമ്മ എല്ലാവരെയും നന്നായി സൽക്കരിക്കാനുള്ള തിരക്കിലും.

അതിനാൽ തന്നെ മറ്റാരും അറിയാതെ ഞങ്ങൾക്ക് ഞങ്ങളുടെ കുരുത്തക്കേടുകളുടെ കളിയരങ്ങ് തീർക്കാം.

ബന്ധുജനങ്ങൾ അവശേഷിപ്പിക്കുന്ന വേയ്സ്റ്റ്

.അതാ‍യത്.എല്ലിൻ കഷണങ്ങൾ,മീൻ മുള്ളുകൾ, ഫ്രൂട്സിന്റെ തൊലികൾ ഇവയൊക്കെയായിരുന്നു ഞങ്ങളുടെ പണിയായുധങ്ങൾ.

വേയ്സ്റ്റ് ബാസ്ക്കറ്റിൽനിന്നും അവ കൊച്ചു കൊച്ചു ബോക്സുകളിലേയ്ക്ക് മാറ്റി നന്നായി കവർ ചെയ്യും. അടുത്തതായി ആ കവർ ആരും കാണാതെ റോഡീൽ കൊണ്ട് പോയി വയ്ക്കുക എന്നതാണ്. പിന്നെ ഇരകൾക്കായി കാത്തിരിക്കും.

പല മാന്യന്മാരും തിളങ്ങുന്ന ബോക്സ് കാലുകൾകൊണ്ട് തട്ടിമാറ്റി തട്ടിമാറ്റി കൈക്കുള്ളിലാക്കും.

പക്ഷെ….എല്ലിൻ കഷണങ്ങളും വേയ്സ്റ്റും കണ്ട് ചമ്മിയ മുഖവുമായി സ്ഥലം വിടും. ഇലഞ്ഞിതറമേളകൊഴുപ്പിൽ ഞങ്ങളുടെ പൊട്ടിച്ചിരികൾ ആരും കേൾക്കില്ല.

ആ ബോക്സുകൾ മൊത്തം അങ്ങിനെ തീരുമ്പോഴേയ്ക്കും തേക്കിൻ കാട്ടിൽ കുടമാറ്റത്തിനു അരങ്ങൊരുങ്ങും.

പിന്നെ ബഹളമാണ്…പെട്ടെന്നുള്ള ഒരുക്കങ്ങൾ…കാരണം കുടകൾ മാറുന്നതിനനുസരിച്ച് കൂവാൻ പൂരതിരക്കിനൊപ്പം ചേരണം.

അത് നിർബന്ധമാണ് ഞങ്ങൾക്ക്.

ജയ് ഹിന്ദ് ബിൽഡിങ്ങിലെ മുകൾനിലയിലാണു ഞങ്ങളുടെ താവളം.കസിൻസുമൊക്കെയായി ഒരു കുട്ടിപട്ടാളം തന്നെയുണ്ടാകും.

കുടകൾ മാറുന്നത് കണ്ടില്ലെങ്കിലും കൂവുന്ന ചേട്ടന്മാർക്കൊപ്പം ക്യത്യമായി ഞങ്ങളും കൂവും.അവർ “ചുമപ്പ്…മഞ്ഞ..നീല എന്നൊക്കെ പറയുമ്പോൾ കുടകൾ കണ്ടില്ലെങ്കിലും ഞങ്ങളും പറയും,“ചുമപ്പ്….മഞ്ഞ…നീല

ഒരിക്കൽ അങ്ങിനെ കൂവിയപ്പോൾ ഒരു അങ്കിൾ ചോദിച്ചു,“വല്ലതും കണ്ടോ…?”

“ഇല്ല”.ഞാൻ പറഞ്ഞു.

“പിന്നെന്തിനാ കൂവിയത്”…? അങ്കിൾ

“അങ്കിൾ എന്തിനാ കൂവിയത്…?” ഞാൻ തിരിച്ചു ചോദിച്ചു

“ഞാൻ കാണുന്നുണ്ട്…ദാ…” എന്ന് പറഞ്ഞ് അങ്കിൾ കൈച്ചൂണ്ടി

“അങ്കിളിന്റെ അത്ര ഉയരം വയ്ക്കുമ്പോൾ ഞാനും കണ്ട് കൂവിക്കോളാം”എന്നു പറഞ്ഞു ഞാൻ അവിടുന്നു ഓടികളഞ്ഞു.

അതിനു ശേഷം കൂവുമ്പോഴൊക്കെ ആ അങ്കിളിന്റ് ചോദ്യം ഓർമ വരും.അപ്പോൾ കൂവലിന്റെ ശക്തി കുറയും…..

കുടമാറ്റത്തിനു ശേഷം ശക്തൻ തമ്പുരാന്റെ പ്രതിമയെ വലം വച്ചാനകൾ നീങ്ങുമ്പോൾ ഞങ്ങളും താഴോട്ട് പടികളിറങ്ങും.

പ്രദിക്ഷണ വഴിയിലൂടെ അമ്പലപന്തലുകൾ കണ്ടുള്ള

നടപ്പ് തേക്കിൻ കാട് മൈതാനിയിൽ അവസാനിക്കും. ഒരു കൊച്ചു വെടിക്കെട്ടിനു തിരിതെളിക്കും വരെ അവിടെ വെടി പറഞ്ഞിരിക്കും.

ആ വെടിക്കെട്ട് കൂടി പൂർത്തിയാവുമ്പോൾ ഞങ്ങൾ കുട്ടികളുടെ പൂരകാഴച്ചകൾ അവസാനിക്കും.പിന്നെ അപ്പച്ച്നും അമ്മയ്ക്കുമൊപ്പം വീട്ടിലേയ്ക്ക്.

അപ്പോഴും തേക്കിൻ കാട് ഉറങ്ങാതിരിക്കും..പുലർച്ചയുടെ വെടിക്കെട്ട് മമാങ്കത്തിനായി.

പിന്നെ പിറ്റെ ദിവസത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പകൽ പൂരത്തിന്റെ ആ വർഷത്തെ അവസാന പൂര കാഴ്ച്ചകൾക്കായി.

ഈയലുകള്‍...!!!

വിളക്കിന്റെ വെട്ടം മോഹിചൊരീയലുകള്‍ ഞങ്ങള്‍ ...!!!
വിളിക്കാതെ വന്നാ വിഭയില്‍ മുങ്ങി -
വിധിക്ക് കീഴടങ്ങുന്ന ,
വിധിയുടെ വിചിത്ര ജന്മങ്ങള്‍ ഞങ്ങള്‍ .

മുകളിലോട്ടു പറക്കുമ്പോള്‍ തെല്ലോന്നഹങ്കരിക്കും ....
മനുഷ്യ ജന്മങ്ങള്‍ക്ക് മേലെയീ പറക്കലെന്നുമെങ്കിലും -
മരിക്കുവാനായ് മാത്രമേ പറക്കലെന്നു -
മരിക്കുവോളം ഞങ്ങളറിയുന്നില്ലല്ലോ ...?

ആ വിളക്കിന്‍ പ്രഭയെതൊട്ട് -
ആയുസ്സെത്താതെ ചിറകറ്റു വീഴുമ്പോഴും ,
അല്പ്പത്തരമെന്നാര്‍ക്ക് തോന്നിയാലും ....
ആശിചതു തൊട്ടെന്നഭിമാനിക്കും ഞങ്ങള്‍ .

കരയാറില്ല ....വിളക്കുമരങ്ങളൊരിക്കലും ,
കരിഞ്ഞു ഞങ്ങള്‍ തീരുമ്പോഴും ,
കാരണം ...., വിളക്കെത്ര കണ്ടിരിക്കുന്നു വിധിയുടെയീ -
കൊച്ചു മരണങ്ങള്‍ ...!!!

എങ്കിലും പാഠങ്ങള്‍ പഠിക്കുന്നില്ല ഞങ്ങള്‍
എല്ലാം വിധിയുടെയാവര്‍ത്തനങ്ങള്‍....
എല്ലാ പ്രഭകളെയും തൊട്ടുനോക്കി ,
എല്ലായ്പ്പോഴും മരിച്ചുവീഴുവാന്‍ മാത്രമീ ജന്മങ്ങള്‍ ...!!!

അണ്ടിയില്ലാത്ത മാമ്പഴങ്ങള്‍...!

കരിയിലകള്‍ പൊഴിയുന്നത് കാലമെത്തിയിട്ടാണ് പക്ഷെ..
കൊച്ചു മാമ്പൂവുകള്‍ അടരുന്നതോ...?
കായ്ക്കുവാനായ് വിരിഞ്ഞിട്ടും കണക്കുതെറ്റി -
കാലം അടര്‍ത്തിയെടുക്കുന്നവ ...!
വിധിയുടെ കണക്കു പുസ്തകത്തില്‍ -
വിധിക്ക് മാത്രമറിയുന്ന കണക്കുകളറിയാതെ -
വിളഞ്ഞു പഴുക്കും മാമ്പഴങ്ങളെ സ്വപ്നം കണ്ടു
വിഡ്ഢി വേഷം കെട്ടിയവര്‍ നമ്മള്‍... !
പൊഴിയാതെ പൂത്തു കായ്ച്ചവയില്‍ -
പുഴുകുത്തുകള്‍ വീഴുമ്പോള്‍ ....
പിന്നെയും പൊലിയുന്നു,
പൂവിട്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ...!
ഒടുക്കം വീണു കിട്ടിയ മാമ്പഴത്തെപൂളി -
ഒട്ടൊരു പരിഭവത്തോടെ മാവിനോടോതും ,
ഒട്ടുമേ വേണ്ട ഞങ്ങള്‍ക്കീയണ്ടിയുള്ള മാമ്പഴങ്ങള്‍
ഒന്നടര്‍ത്താമോ ഞങ്ങള്‍ക്ക് വേണ്ടി മാത്രം , അണ്ടിയില്ലാത്ത മാമ്പഴങ്ങള്‍... !
മാവിന്റെ നിസ്സാഹായതയെ പരിഹസിച്ചു -
മാനത്തമ്പിളിയെ തൊടാനാശിക്കുമ്പോഴും ,
മനസ്സറിയുമോ ..മനുഷ്യജന്മങ്ങള്‍ക്കി കൊച്ചു -
മങ്ങാണ്ടിയോളം പോലും പുണ്യമില്ലത്രേ ...!
ആയുസ്സെത്താതകലുന്നതോക്കെയും
അകതാരിലവശേഷിപ്പിക്കുന്നത് മുറിവുകള്‍ മാത്രം ,
ആയുസ്സെത്തിയിട്ടും പൊഴിയാതവശേഷിക്കുന്നവയെ
അധികപറ്റായ് വരവ് വയ്ക്കുമേവരും .

വിവാഹം

ഒന്ന് കുലുക്കി പിന്നെയുമെറിഞ്ഞു കളിക്കും പകിട പോലിത്...
ഒന്നായ് ചേരുമ്പോഴും പകിട പന്ത്രന്ടല്ലെങ്കില്‍ -
ഒരുപാട് പകിടികളരങ്ങെറും,
ഒരിക്കലും അഴിച്ചുവയ്ക്കുവാനാകാത്ത മാറാപ്പു പോലിത് !
വാശികളരങ്ങ്‌ തകര്‍ക്കുമി ചൂതുകളിയില്‍ -
വാശികള്‍ക്ക് മുന്‍പില്‍ തോറ്റുകൊടുത്തെങ്കില്‍ ...
വിജയം നിങ്ങള്‍ക്കായ് മാത്രം വാതില്‍ തുറക്കും ,
വിവാഹം ഉറപ്പിക്കും ചരടുകള്‍ പൊട്ടാതിരിക്കും .
നിനക്ക് ഞാനുമെനിക്ക് നീയുമെന്നതിനപ്പുറം,
നിനക്ക് നീയുമെനിക്ക് ഞാനുമെന്ന് തുടങ്ങുമ്പോള്‍ -
നിലയ്ക്കുകയാണ് സ്നേഹത്തിന്‍ നീരുറവകള്‍ -ഒഴുകുകയാണ് ,
നിലയ്ക്കാത്ത മുറുമുറുപ്പുകളുടെ പ്രവാഹങ്ങള്‍ .
ചട്ടിയും കലവുമായ് തട്ടിയും മുട്ടിയുമിരുന്ന് -
ചക്രങ്ങളുരുമ്പോഴെപ്പോഴോക്കെയോ നാമറിയും ,
ചങ്ങഴി കൊണ്ടള ക്കാനാകാത്ത ചങ്കിനുറപ്പേകും കൂട്ടിത് !
ചങ്ങലകളഴിക്കാനാഗ്രഹിക്കാതത സ്നേഹ പൂട്ടിത് !
ഒന്ന് മറ്റൊന്നിനു വളമായ് -
ഒരു പാട് പഴകുംതോറും രുചിയേറുന്ന വീഞ്ഞായ് -
ഒരിക്കലുമിളകാത്ത പാറമേല്‍ പണിത താകട്ടെ -
ഒത്തിരി സ്നേഹങ്ങളുടെയീ കൊച്ചു ഉടമ്പടികള്‍ .
എങ്കില്‍ ....,
പകിടകള്‍ പന്ത്രന്ടുമെന്നും കയ്യിലിരിക്കും !
പകിട പന്ത്രടെങ്കില്‍ വിജയവും സുനിശ്ചിതം !
പകിടികളൊഴിവാക്കാം ,
പകരം നല്ല പാതിക്കെന്നും പത്തര

മാറ്റിന്‍ ‍ സ്നേഹ സുഗന്ധം .

കിനാവ്


അര്‍ദ്ധരാത്രികളിലെ മയക്കങ്ങളിലെന്നെ-
അറിയാ ഇടങ്ങളിലേയ്ക്കെത്തിക്കും.
അറ്റമില്ലാത്തയെന്നാശകളിലൂടെ-
അതിരുകളില്ലാതെ ഞാന്‍ സഞ്ചരിക്കും.

പല നാടുകള്‍ കണ്ട്...പവിഴദ്വീപുകള്‍ കണ്ട്,
പഞ്ചാരമണലിലൂടെ നടക്കുമ്പോള്‍ ,കഥകള്‍ പറയാന്‍...
പറഞ്ഞവയേറ്റു പിടിക്കുവാന്‍ നിങ്ങളുമുണ്ടാകും,
പരേതാത്മാക്കളെന്നീ ലോകം വിളിക്കുമെന്‍ പ്രിയര്‍.

കണ്ണുകളിലുറക്കം വന്നു തൂങ്ങുമ്പോള്‍ -
കാരണമില്ലാതാഹ്ലാദിക്കുന്ന മനസാണെന്റേത്.
കിനാവേ... എനിക്ക് നിന്നോടാണ് പ്രണയം
കാരണം ..., നീയാണെനിക്കവരെ പിന്നെയും കൂട്ടുതരുന്നത്.

നെഞ്ചില്‍ നീറ്റലവശേഷിപ്പിച്ചവര്‍...
നിലാ പുഞ്ചിരിയോടൊത്തു കൂടുന്നിടത്തേയ്ക്ക്
നീയെന്‍ മനസിനെ കൂട്ടുമ്പോള്‍
നിനക്കയാണെന്നിരവുകള്‍, കിനാവേ നിനക്കായ് മാത്രം.

മരണത്തെ തോല്‍പ്പിക്കാനാവില്ലെനിക്ക്
മരണത്തിനെന്‍ പ്രിയപ്പെട്ടവരേയും.
മരിക്കാതെ ജീവിക്കുമെന്‍ മനസിലെന്‍ പ്രിയര്‍
മരണത്തെ തോല്‍പ്പിച്ചുകൊണ്ട്....നിത്യവുമെന്‍ കിനാക്കളിലൂടെ.

അതിരുകള്‍ ...!

മനസിനതിര്‍വരമ്പുകളില്ലെന്നപ്പോല്‍...
മമ ജീവിതത്തിനുമതിര്‍ വരമ്പുകളില്ലായിരുന്നെങ്കില്‍ -
മനതാരിലൊരു കുഞ്ഞു പൈതലായ്
മതിവരുവോളം അനുസരിച്ചേനെ നിന്നെ ഞാന്‍ .
നിനവിലും നിദ്രയിലും -
നിഴലായ് നീ പിന്തുടരുംപോഴോക്കെയും ....,
നിനവുകളോടരുതെയെന്നോതി...
നിനക്കയതിര്‍ വരമ്പുകള്‍ സൃഷ്ട്ടിച്ചു ഞാന്‍ .
ജീവിതത്തിന്‍ തത്വശാസ്ത്രങ്ങളെ ....
ജീവനെക്കാളേറെ സ്നേഹിച്ചു ,
ജീവിതത്തിലെ മോഹങ്ങളോക്കെയും
ജീര്‍ണ്ണിക്കതെയീ മനസാം ഭരണിയില്‍ കെട്ടി ഞാന്‍ .
അറിയുവാന്‍ ശ്രമിച്ചില്ല ഞാന്‍ പോലും ...,
ആ മനസാം ഭരണിയില്‍ വീണലിയും നീര്‍ത്തുള്ളികളെ...!
ആഹ്ലാദിക്കുവാന്നോനുമില്ലാതിരിന്നിട്ടും ....
അതിരുകളില്ലാതെയാഹ്ലാദിച്ചു ഞാന്‍ .
ഒരിക്കല്‍ വിരുന്നെത്തുമോയീ ദുര്‍മോഹങ്ങളുടെ ഭരണികള്‍ -
ഒന്നന്നായി അഴിച്ചു വിടുവാന്‍ !
ഒരു മാത്രാ എനിക്കഹ്ലാദിക്കുവാന്‍...
ഒരിക്കലെങ്കിലുമീ മോഹങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുവാന്‍ .

പാടുരാശി...!


ഇരുണ്ടയാഴിതന്നാഴത്തില്‍ നിന്നും...,
ഇരുള്‍നീക്കുവാന്‍ കൊളുത്തിയെന്നിത്തിരി വെട്ടം-
ഇരുള്‍മൂടിയ ജീവിതങ്ങള്‍ക്ക്മേല്‍-
ഇരുട്ടിന്‍ കറുപ്പ് നീക്കി ജ്വലിച്ചിടുമ്പോള്‍...,

അന്ധകാരം നിറഞ്ഞയെന്‍ ജീവിത ത്തിന്‍-
അര്‍ത്ഥമറിയാതെ ഞാന്‍ പകച്ച് നിന്നു.
അനന്തതയുടെ അറ്റമറിയുവാന്‍ ....,
അചഞ്ചല ശാസ്ത്രത്തെ ഞാന്‍ കൂട്ടുപിടിച്ചു.

ചിലനേരമെരിയാന്‍ തിരിയില്ലാതെയും,
ചക്രപാലന്റെ ഭരണത്തില്‍ മനം നൊന്തും,
ചക്ഷുസ്സില്‍ നിന്നുതിരും നീര്‍മണികള്‍ തുടച്ചും,
ചങ്കുറപ്പില്‍ വിശ്വസിച്ചു നിന്നു ഞാന്‍.





കാലം മായ്ക്കാത്ത വടുക്കളില്ലെങ്കിലും...
കാലത്തിനാകുമോയിതെല്ലാം മായ്ക്കുവാന്‍..!
കണ്ണുകടിയും കള്ളനാഴിയും കണികാണാത്ത കാലത്തിനായ്,
കണ്ണിമ പൂട്ടാതെ ഞാന്‍ കാത്തിരിക്കാം.

എത്തീടുമോയന്നെങ്കിലും നീയീയേകപദികളിലെന്‍ കൈപിടിക്കുവാന്‍
എണ്ണിയാലൊടുങ്ങാതെ ഞാന്‍ നല്‍കിയ സ്നേഹമത്രയും,
എതിര്‍വാക്ക് പറയാതെ തിരിച്ചേകീടുവാന്‍,
ഏതോജന്മപാപകറകളെല്ലാം ഒട്ടുമേ ശേഷിക്കാതെ തുടച്ചീടുവാന്‍.

പങ്കുകാരില്ലായീദീപിലൊരു പങ്കുവയ്പ്പിനായ്


പാടാന്‍ കൊതിച്ചൊന്നു മൂളാന്‍പോലുമാകാതെയീ-
പാടുരാശിയുടെയറുതിയ്ക്കായീ-
പ്രാണനും പിഴയായ് നല്‍കാം ഞാനീ-

പ്രാണനും പിഴയായ് നല്‍കാം....!

പെയ്ത്ത്......

പ്രതീക്ഷയുടെ ആ കൊച്ചു നക്ഷത്രം-
ഞാനുണര്‍ന്നപ്പോള്‍ അപ്രത്യക്ഷമായിരുന്നു.
എരിഞ്ഞൊടുങ്ങുന്ന പകലിനൊടുവില്‍-
പിന്നെയൊരു രാവിന്റെ നിശബ്ദ്തയില്‍...
ആകാശതാഴ്വാരത്തില്‍ കറുത്ത ശൂന്യതയായിരുന്നു.
നിന്നെക്കുറിച്ചാരോടെല്ലാം അനേഷിച്ചുവോ-
അവരെല്ലാമെന്നോടു പറഞ്ഞത്-
വാനിന്റെ അനന്തതയെക്കുറിച്ചും
കാലവര്‍ഷാരംഭത്തെക്കുറിച്ചുമായിരുന്നു.
ഒരൊറ്റ രാത്രികൊണ്ട് എങ്ങിനെയൊക്കെയാവാമോ...?
വാനിന്റെ മുഖമിപ്പോൾ
ഇരുണ്ടമേഘങ്ങള്‍ കടമെടുത്തിരിക്കുകയാണ്
രാവിന്റെ നിശബ്ദ്തയെ കീറിമുറിക്കുമാറു-
ആര്‍ത്തലച്ച് അവ താഴോട്ടിറങ്ങി വരുകയാണ്.
ഈ കരിമേഘങ്ങളെല്ലാം
കൂടിയെന്നെ ഭ്രാന്തുപിടിപ്പിക്കുമ്പോള്‍,
അവയോട് മല്ലിട്ട് ...,
അവ പെയ്ത്ത് തുടങ്ങുന്നതെന്റെ
നയനങ്ങളില്‍ നിന്നാണ്.

മെഴുകുതിരി

ആര്‍ക്കൊക്കെയോ വെട്ടമാകുവാന്‍ സ്വയം ഉരുകുവാനീ ജന്മം.
കത്തുന്ന തീയില്‍ വേവുന്ന എന്‍ ദേഹിയെ -
കണ്ടീല്ലയാരും .
ഉരുകിയോലിക്കുംബോഴും അരുതേയെന്ന് നിലവിളിക്കുവാന്‍ -
കഴിയാതെ നിന്നു ഞാന്‍ .
കൊട്ടിയടച്ച ജനാലകള്‍
എനിക്കു മുന്‍പില്‍ വിഘ്നമായി നില്‍ക്കുമ്പോഴും ,
ദൂരെ അങ്ങ് ദൂരെ
നിന്നുമൊഴുകി വരും മന്ദമാരുതനീ തീയണചെങ്കിലെന്ന്
ഒരു വേള വെറുതെയാശിപ്പൂ ഞാന്‍
ഇനിയുമെത്ര മണിക്കൂറുകള്‍ ....
ഒരുപക്ഷെ ഈ രാത്രി മുഴുവനോ...?
അറിയില്ല ... എങ്കിലും ഉറങ്ങാതെയുരുകാം ഞാന്‍
നിങള്‍ക്കായി
ഈ അവസാന ശ്വാസവും നിലയ്ക്കും വരെ
ഒരു വേള ഓര്‍ക്കുമോ ... നിങ്ങളെന്നെ ,
ഇല്ല കാരണം , വെറുമൊരു മെഴുകുതിരി ഞാന്‍
നിങ്ങള്‍ക്കായി കത്തി തീരുവാനീ ജന്മം

അടിമയ്ക്ക് ഹ്രദയമുണ്ടോ ...?

അടിമയുടെ ഹ്രദയം -
അധികാര കൈകള്‍ക്ക് അമ്മാനമാടാനുള്ളത് .
അറ്റ് പോയ ബന്ധങ്ങളും വിട്ടു പോയ സ്വപനങ്ങളും,
അകലങ്ങളിലിരുന്നു പരിഹസിക്കുന്നു !
കച്ചവട ചന്തയിലാരോ വിലപറഞ്ഞു വിറ്റപ്പോള്‍ -
കിനാക്കള്‍ പടിയിറങ്ങിയന്നു .
കൈയും മൈയ്യും തളരുവോളം പണിതിട്ടും ,
കരുണയില്ലാ കണ്ണുകളില്‍ നിന്നെപ്പോഴും തീപാറി !
ഒന്നിനൊന്നു ഒടുങ്ങാതെ -
ഒരായുഷ്ക്കാലം മുഴുവനും ,
ഒരിക്കലും തീരാത്ത വേലയെടുക്കുവാന്‍ -
ഒരു മാത്ര വിറ്റു പോയതീപിറപ്പുകള്‍ !
വിപ്ലവം കൊടുവാള്‍ വീശിയെറിഞ്ഞിട്ടും -
വീര സഖാക്കള്‍ ബലിക്കല്ലില്‍ ചുടുചോര വീഴ്ത്തിയിട്ടും ,
വീഴ്ത്താനായില്ല ...മുതലാളിത്ത്വതിന്‍ നീരാളിപിടുത്തങ്ങളെ -
വാഴുന്നിപ്പോഴുമത് വിപ്ലവങ്ങളെ തോല്‍പ്പിച്ചുകൊണ്ട് !
അടിമാകച്ചവടത്തിനറുതി വന്നെന്നാരോപുലമ്പുമ്പോഴും -
അതസത്യമേന്നോതിയടിമകള്‍ ജനിക്കുന്നു പിന്നെയും ,
അറിയുമോ മുതലാളിത്തമെന്നെങ്കിലും
ആരോ വിലയ്ക്ക് വിറ്റയീ അടിമയ്ക്കും ഒരു ഹ്രദയമുണ്ടെന്ന് !

എന്നിലെ ഞാന്‍ !

കണ്ടുമറിഞ്ഞും കാണാമറയത്തിരുന്നെന്നെ ,
കൈവെള്ളയിലൊതുക്കും , കണ്ണുനിറഞ്ഞാല്‍ -
കനിവോടെ നെഞ്ചോട്‌ ചേര്‍ക്കും ,
കരുണയുടെ ക്രൂശിലെന്‍ വിശ്വാസം .
ഇഷ്ട്ടപെട്ടവര്‍ക്കായ് കൊതിയോടെയെന്‍-
ഇഷ്ട്ടങ്ങളെയെപ്പോഴും ബലി നല്‍കി
ഇഷ്ട്ടങ്ങളുടെ സ്വര്‍ണ്ണനൂലുകള്‍
ഇഴപിരിയാതെ മുറുക്കുന്നതെനിക്കിഷ്ട്ടം .
സ്നേഹം വിതയ്ക്കുന്ന സ്വാര്‍ഥതയില്‍
സ്നേഹത്തിനു ഞാന്‍ മാത്രം തുണയെന്നാശിച്ച്
സ്നേഹം തോന്നുന്നവയെയെല്ലാം സ്നേഹിച്ചു കൊല്ലുമ്പോഴുമറിയുന്നില്ലവര്‍
സ്നേഹം മാത്രമാണിത് ചെയ്യുന്നതെന്നിലെ സ്നേഹം മാത്രം .
പ്രണയമെപ്പോള്‍ വേണെമെങ്കിലും തളിര്‍ക്കാം
പ്രണയമെനിക്ക് കലര്‍പ്പില്ലാത്തതാണ്.
പ്രണയം അനശ്വരമാകുന്നതപ്പോള്‍
പ്രാണന്‍ പിരിഞ്ഞാലും മരിക്കാതതെന്‍ പ്രണയം .
നഷ്ട്ടങ്ങളുടെ കണക്കുകളിലെങ്കിലും
നഷ്ട്ടപെടുമെന്ന ഭീതിയാണെപ്പോഴും .
നേട്ടമാണെന്നറിയാതെ കൂടെകൂട്ടിയതൊക്കെ
നിനച്ചിരിക്കാതെ വന്നെത്തുന്ന വിധിയില്‍
കയ്പ്പും മധുരവും കൂടികലര്‍ന്നും
കണ്ണീരിനുപ്പു മുന്നിട്ടു നിന്നുമെന്നിട്ടുമൊരിക്കലും
കൊതി തീരാത്ത രുചിയുടെ
കലവറയാണെനിക്കീ ജീവിതം

കാണാപൊന്ന്

ആശിക്കതെയെന്‍ വീഥിയില്‍ വീണ വെട്ടമെല്ലാം ,
ആവശ്യത്തിലധികമല്ലലുകള്‍
അകതാരിലവശേഷിപ്പിച്ചു
അനിവാര്യ വിധിയായ് അണയുന്നു .
നീറുന്ന നെഞ്ചകത്തെയവഗണിച്ച്
നിത്യതിരക്കുകളില്‍ ലയിക്കുമ്പോഴും
നിലാപുഞ്ചിരിയോടെത്തുന്നോര്‍മകളെല്ലാം
നെഞ്ചിലവശേഷിപ്പിക്കുന്നത് നീറ്റല്‍ തന്നെ .
ഇഷ്ട്ടങ്ങളിഷ്ട്ടമില്ലായ്മകളായ്
ഇല്ല്ലാ കുറവുകളെല്ലാം നിരത്തി
ഇഷ്ട്ടങ്ങളിലേയ്ക്കുള്ള കവാടം കൊട്ടിയടച്ചത്
ഇത്രമേല്‍ നീറുവാനാണെന്നരിഞ്ഞിരുന്നില്ല .
മനസിന്‌ നിനവുകള്‍ നഷ്ട്ടമായിരുന്നെങ്കില്‍
മരണമെന്നെ വന്നു മൂടിയിരുന്നെങ്കില്‍
മരിക്കാതിരിക്കാമായിരുന്നു ഇഞ്ചിഞ്ചായിങ്ങനെ
മതിവരാതെ തിരിച്ചുനടക്കെണ്ടായിരുന്നെന്നോര്‍മകളുടെ കളിമുറ്റത്തുനിന്നു
കാണാത്തയിടങ്ങളിലും കാത്തിരിപ്പാനാളുള്ളവര്‍ക്ക്
കണ്ണുനീരിന്‍ വിലയറിയില്ല ...കാത്തിരിപ്പിനര്‍ഥവും
കാണാതെ കൂടുകെട്ടിയയിഷ്ട്ടങ്ങളെല്ലാം
കാണാമറയത്തു കാണാപൊന്നായി തന്നെയിരിക്കട്ടെ .

വിതുമ്പുകയാണോ വ്യക്ഷം …!

മഴ പെയ്യുകയാണ് . മനസ്സും !

മഴയുടെ പെയ്ത്തുടലിനു നനുത്ത കുളിർമയാണ് .

മനസിൻ പെയ്ത്ത് -

മനതാരിനു പൊള്ളലും .

പൊഴിഞ്ഞുപോകുവാൻ വിധിക്കപെട്ടയിലകളെ –

പൊഴിയാതെ നെഞ്ചോടു ചേർക്കുവനാകാതെ വിതുമ്പുന്നു വ്യക്ഷം!

പൊടുന്നനെ പിടിചുലയ്ക്കുമൊരു കാറ്റിൽ വേദനയോടെ –

പൊഴിക്കാതെ വയ്യയീ പത്രങ്ങൾ !

വ്യക്ഷത്തിൻ നോവവഗണിച്ച് ,

വൻ കാറ്റുകളെയാശിക്കുകയാണ് ഞാൻ .

വീഴുവാൻ ബാക്കിനിൽക്കുമാകാറുകളെയപ്പാടെ നീക്കി,

വിണ്ണിൻ വദനം തെളിചീടുവാൻ !

അപ്പൊഴും വിതുമ്പുകയായിരുന്നോ വ്യക്ഷം?

ആഞ്ഞടിച്ചു വരുമൊരു കാറ്റ് –

ആകെ പൊതിഞ്ഞയാ ഹരിതങ്ങളെ ,

അപ്പാടെയടർത്തിയെടുക്കുന്നതോർത്ത്.

എന്നിട്ടുമാശിക്കുകയാണു കാറ്റിനെ ഞാൻ -

എൻ സ്വാർതഥത മറ്റാർക്കോ നൊമ്പരമാണെന്നറിയുമ്പോഴും!

എല്ലാം താൻപോരിമയോ.എന്നറിയാതെ ,

എന്നിട്ടുമെന്തിനോ വേണ്ടി മനസ്സു ചുറ്റി.!

ഉപാധികളില്ലാതെ തണലേകും ജന്മത്തിൻ -

ഉൾത്താപമൊട്ടുമറിയാതെ ചെയ്ത ,

ഉണ്ണിത്തത്തിൻ ചാപല്യങ്ങളിൽ

ഉത്തരം കിട്ടാതെ വിതുമ്പുയായിരുന്നുവോ വ്യക്ഷമപ്പോഴും

ഈഗോകള്‍ക്കിടയിലെ ഇടവേളകള്‍...!

ഇന്നിനു ഇന്നുമാത്രമായുസ്സ് !
ഇന്നലെകളാകുവാന്‍ വേണ്ടി മാത്രം പിറക്കുന്ന നാളെകള്‍ !
ആ അലപവേളയില്‍ മനസ്സിലുടക്കും പല വദനങ്ങളും -
ആയുസ്സെത്താതെ വെറും ഓര്‍മകളാകുന്നു .
എല്ലാം നിത്യസത്യമെങ്കിലും ,നീയും ഞാനുമെന്ന സ്വാര്‍ത്ഥത -
എന്നും മാറ്റമില്ലാതങ്ങിനെ തന്നെ .
ഒരിക്കല്‍ ചേരണമേന്നാഗ്രഹിചാലും -
ഒരിക്കലും ചെരുവാനാകാതത സമാന്തരരേഖകള്‍ !
ഇഗോ തീര്‍ക്കും ഇടവേളകളിലെ -
ഇരുള്‍ മൂടും കനത്ത മൌനങ്ങള്‍ -
നിനവില്‍ വിഷാദ ചിന്തകള്‍ കോറുംപോഴും...,
നിനവിനെ വേദനയ്ക്ക് വിട്ടു കൊടുത്തും ,
മൌനങ്ങള്‍ക്ക് മരണം നല്‍കുവാന്‍ മടിച്ചും,
മനസ്സെപ്പോഴും പിന്തിരിഞ്ഞു നടന്നു .
ഈ മൌനങ്ങളുടെ കണ്ണികളറുക്കുവാന്‍ -
ഈടറ്റയെന്‍ മനസിനിയാകില്ല .
അണികളുടെയര്‍തഥനകള്‍ കേള്‍ക്കാത്ത ദൂരത്തിലാണ് ,
അകലെ മറയും വെള്ളിവെട്ടമേന്തിയയിടയന്‍ .
ഒരിക്കലും നിന്‍ ഹൃത്തിലെയ്ക്കിറങ്ങിചെല്ലുവനാകാതെ -
ഒടുങ്ങുന്നു എന്നില്‍തന്നെയീയര്‍തഥനകള്‍.
ഒരിക്കലും ഈവ് ലഭിക്കാത്ത -
ഒരു ഭിക്ഷാംദേഹിയുടെ ഒഴിഞ്ഞ ഇരപ്പോട് പോലെ -
ഈഗോ തീര്‍ക്കും ഇടവേളകളില്‍ -
ഈളം ഒഴിയുമെന്‍ മനസ്സ് .

Friday, July 8, 2011

വിഷാദം

വിഷാദം വിഷമില്ലായുരഗങ്ങളെപ്പോലെ

ഒറ്റകൊത്തലിൽ തീരാതെ

വേദനയുടെ ദംശനങ്ങളേറ്റ്

ഉള്ള് പിടയുമ്പോഴും

കാഴ്ച്ചക്കാർ പറയും,

“വിഷമില്ലാത്ത ഇനമാ..”!

തീൻ മേശയിലിരിക്കും,

കൊതിയൂറും വിഭവങ്ങളിൽ

മനസ്സ് മദിക്കാതെ

തിരിഞ്ഞ് നടത്തിക്കും.

തിരക്കുകളിലലിയാതെ

സ്വയം തീർക്കും

ഏകാന്തതയുടെ ഇരുളിൽ

വഴികാണാതെ തപ്പിതടഞ്ഞ്

ഒടുക്കം,

ശരിയേതെന്നറിയാതെ

വിഷാദം ഒലിച്ചിറങ്ങുമൊരു

ഇരുണ്ടമുറിയിൽ വച്ച്

തിരിച്ചുവരാത്തൊരു

വരവിലേയ്ക്ക്

സ്വയം നടന്നടുക്കും.

അപ്പോഴും കാഴ്ച്ചക്കാർ പറയും,

“കാരണമൊന്നുമില്ലാത്രേ…”!