Friday, July 8, 2011

വിഷാദം

വിഷാദം വിഷമില്ലായുരഗങ്ങളെപ്പോലെ

ഒറ്റകൊത്തലിൽ തീരാതെ

വേദനയുടെ ദംശനങ്ങളേറ്റ്

ഉള്ള് പിടയുമ്പോഴും

കാഴ്ച്ചക്കാർ പറയും,

“വിഷമില്ലാത്ത ഇനമാ..”!

തീൻ മേശയിലിരിക്കും,

കൊതിയൂറും വിഭവങ്ങളിൽ

മനസ്സ് മദിക്കാതെ

തിരിഞ്ഞ് നടത്തിക്കും.

തിരക്കുകളിലലിയാതെ

സ്വയം തീർക്കും

ഏകാന്തതയുടെ ഇരുളിൽ

വഴികാണാതെ തപ്പിതടഞ്ഞ്

ഒടുക്കം,

ശരിയേതെന്നറിയാതെ

വിഷാദം ഒലിച്ചിറങ്ങുമൊരു

ഇരുണ്ടമുറിയിൽ വച്ച്

തിരിച്ചുവരാത്തൊരു

വരവിലേയ്ക്ക്

സ്വയം നടന്നടുക്കും.

അപ്പോഴും കാഴ്ച്ചക്കാർ പറയും,

“കാരണമൊന്നുമില്ലാത്രേ…”!

No comments:

Post a Comment