Saturday, July 9, 2011

കിനാവ്


അര്‍ദ്ധരാത്രികളിലെ മയക്കങ്ങളിലെന്നെ-
അറിയാ ഇടങ്ങളിലേയ്ക്കെത്തിക്കും.
അറ്റമില്ലാത്തയെന്നാശകളിലൂടെ-
അതിരുകളില്ലാതെ ഞാന്‍ സഞ്ചരിക്കും.

പല നാടുകള്‍ കണ്ട്...പവിഴദ്വീപുകള്‍ കണ്ട്,
പഞ്ചാരമണലിലൂടെ നടക്കുമ്പോള്‍ ,കഥകള്‍ പറയാന്‍...
പറഞ്ഞവയേറ്റു പിടിക്കുവാന്‍ നിങ്ങളുമുണ്ടാകും,
പരേതാത്മാക്കളെന്നീ ലോകം വിളിക്കുമെന്‍ പ്രിയര്‍.

കണ്ണുകളിലുറക്കം വന്നു തൂങ്ങുമ്പോള്‍ -
കാരണമില്ലാതാഹ്ലാദിക്കുന്ന മനസാണെന്റേത്.
കിനാവേ... എനിക്ക് നിന്നോടാണ് പ്രണയം
കാരണം ..., നീയാണെനിക്കവരെ പിന്നെയും കൂട്ടുതരുന്നത്.

നെഞ്ചില്‍ നീറ്റലവശേഷിപ്പിച്ചവര്‍...
നിലാ പുഞ്ചിരിയോടൊത്തു കൂടുന്നിടത്തേയ്ക്ക്
നീയെന്‍ മനസിനെ കൂട്ടുമ്പോള്‍
നിനക്കയാണെന്നിരവുകള്‍, കിനാവേ നിനക്കായ് മാത്രം.

മരണത്തെ തോല്‍പ്പിക്കാനാവില്ലെനിക്ക്
മരണത്തിനെന്‍ പ്രിയപ്പെട്ടവരേയും.
മരിക്കാതെ ജീവിക്കുമെന്‍ മനസിലെന്‍ പ്രിയര്‍
മരണത്തെ തോല്‍പ്പിച്ചുകൊണ്ട്....നിത്യവുമെന്‍ കിനാക്കളിലൂടെ.

No comments:

Post a Comment