Saturday, July 9, 2011

അടിമയ്ക്ക് ഹ്രദയമുണ്ടോ ...?

അടിമയുടെ ഹ്രദയം -
അധികാര കൈകള്‍ക്ക് അമ്മാനമാടാനുള്ളത് .
അറ്റ് പോയ ബന്ധങ്ങളും വിട്ടു പോയ സ്വപനങ്ങളും,
അകലങ്ങളിലിരുന്നു പരിഹസിക്കുന്നു !
കച്ചവട ചന്തയിലാരോ വിലപറഞ്ഞു വിറ്റപ്പോള്‍ -
കിനാക്കള്‍ പടിയിറങ്ങിയന്നു .
കൈയും മൈയ്യും തളരുവോളം പണിതിട്ടും ,
കരുണയില്ലാ കണ്ണുകളില്‍ നിന്നെപ്പോഴും തീപാറി !
ഒന്നിനൊന്നു ഒടുങ്ങാതെ -
ഒരായുഷ്ക്കാലം മുഴുവനും ,
ഒരിക്കലും തീരാത്ത വേലയെടുക്കുവാന്‍ -
ഒരു മാത്ര വിറ്റു പോയതീപിറപ്പുകള്‍ !
വിപ്ലവം കൊടുവാള്‍ വീശിയെറിഞ്ഞിട്ടും -
വീര സഖാക്കള്‍ ബലിക്കല്ലില്‍ ചുടുചോര വീഴ്ത്തിയിട്ടും ,
വീഴ്ത്താനായില്ല ...മുതലാളിത്ത്വതിന്‍ നീരാളിപിടുത്തങ്ങളെ -
വാഴുന്നിപ്പോഴുമത് വിപ്ലവങ്ങളെ തോല്‍പ്പിച്ചുകൊണ്ട് !
അടിമാകച്ചവടത്തിനറുതി വന്നെന്നാരോപുലമ്പുമ്പോഴും -
അതസത്യമേന്നോതിയടിമകള്‍ ജനിക്കുന്നു പിന്നെയും ,
അറിയുമോ മുതലാളിത്തമെന്നെങ്കിലും
ആരോ വിലയ്ക്ക് വിറ്റയീ അടിമയ്ക്കും ഒരു ഹ്രദയമുണ്ടെന്ന് !

എന്നിലെ ഞാന്‍ !

കണ്ടുമറിഞ്ഞും കാണാമറയത്തിരുന്നെന്നെ ,
കൈവെള്ളയിലൊതുക്കും , കണ്ണുനിറഞ്ഞാല്‍ -
കനിവോടെ നെഞ്ചോട്‌ ചേര്‍ക്കും ,
കരുണയുടെ ക്രൂശിലെന്‍ വിശ്വാസം .
ഇഷ്ട്ടപെട്ടവര്‍ക്കായ് കൊതിയോടെയെന്‍-
ഇഷ്ട്ടങ്ങളെയെപ്പോഴും ബലി നല്‍കി
ഇഷ്ട്ടങ്ങളുടെ സ്വര്‍ണ്ണനൂലുകള്‍
ഇഴപിരിയാതെ മുറുക്കുന്നതെനിക്കിഷ്ട്ടം .
സ്നേഹം വിതയ്ക്കുന്ന സ്വാര്‍ഥതയില്‍
സ്നേഹത്തിനു ഞാന്‍ മാത്രം തുണയെന്നാശിച്ച്
സ്നേഹം തോന്നുന്നവയെയെല്ലാം സ്നേഹിച്ചു കൊല്ലുമ്പോഴുമറിയുന്നില്ലവര്‍
സ്നേഹം മാത്രമാണിത് ചെയ്യുന്നതെന്നിലെ സ്നേഹം മാത്രം .
പ്രണയമെപ്പോള്‍ വേണെമെങ്കിലും തളിര്‍ക്കാം
പ്രണയമെനിക്ക് കലര്‍പ്പില്ലാത്തതാണ്.
പ്രണയം അനശ്വരമാകുന്നതപ്പോള്‍
പ്രാണന്‍ പിരിഞ്ഞാലും മരിക്കാതതെന്‍ പ്രണയം .
നഷ്ട്ടങ്ങളുടെ കണക്കുകളിലെങ്കിലും
നഷ്ട്ടപെടുമെന്ന ഭീതിയാണെപ്പോഴും .
നേട്ടമാണെന്നറിയാതെ കൂടെകൂട്ടിയതൊക്കെ
നിനച്ചിരിക്കാതെ വന്നെത്തുന്ന വിധിയില്‍
കയ്പ്പും മധുരവും കൂടികലര്‍ന്നും
കണ്ണീരിനുപ്പു മുന്നിട്ടു നിന്നുമെന്നിട്ടുമൊരിക്കലും
കൊതി തീരാത്ത രുചിയുടെ
കലവറയാണെനിക്കീ ജീവിതം

കാണാപൊന്ന്

ആശിക്കതെയെന്‍ വീഥിയില്‍ വീണ വെട്ടമെല്ലാം ,
ആവശ്യത്തിലധികമല്ലലുകള്‍
അകതാരിലവശേഷിപ്പിച്ചു
അനിവാര്യ വിധിയായ് അണയുന്നു .
നീറുന്ന നെഞ്ചകത്തെയവഗണിച്ച്
നിത്യതിരക്കുകളില്‍ ലയിക്കുമ്പോഴും
നിലാപുഞ്ചിരിയോടെത്തുന്നോര്‍മകളെല്ലാം
നെഞ്ചിലവശേഷിപ്പിക്കുന്നത് നീറ്റല്‍ തന്നെ .
ഇഷ്ട്ടങ്ങളിഷ്ട്ടമില്ലായ്മകളായ്
ഇല്ല്ലാ കുറവുകളെല്ലാം നിരത്തി
ഇഷ്ട്ടങ്ങളിലേയ്ക്കുള്ള കവാടം കൊട്ടിയടച്ചത്
ഇത്രമേല്‍ നീറുവാനാണെന്നരിഞ്ഞിരുന്നില്ല .
മനസിന്‌ നിനവുകള്‍ നഷ്ട്ടമായിരുന്നെങ്കില്‍
മരണമെന്നെ വന്നു മൂടിയിരുന്നെങ്കില്‍
മരിക്കാതിരിക്കാമായിരുന്നു ഇഞ്ചിഞ്ചായിങ്ങനെ
മതിവരാതെ തിരിച്ചുനടക്കെണ്ടായിരുന്നെന്നോര്‍മകളുടെ കളിമുറ്റത്തുനിന്നു
കാണാത്തയിടങ്ങളിലും കാത്തിരിപ്പാനാളുള്ളവര്‍ക്ക്
കണ്ണുനീരിന്‍ വിലയറിയില്ല ...കാത്തിരിപ്പിനര്‍ഥവും
കാണാതെ കൂടുകെട്ടിയയിഷ്ട്ടങ്ങളെല്ലാം
കാണാമറയത്തു കാണാപൊന്നായി തന്നെയിരിക്കട്ടെ .

വിതുമ്പുകയാണോ വ്യക്ഷം …!

മഴ പെയ്യുകയാണ് . മനസ്സും !

മഴയുടെ പെയ്ത്തുടലിനു നനുത്ത കുളിർമയാണ് .

മനസിൻ പെയ്ത്ത് -

മനതാരിനു പൊള്ളലും .

പൊഴിഞ്ഞുപോകുവാൻ വിധിക്കപെട്ടയിലകളെ –

പൊഴിയാതെ നെഞ്ചോടു ചേർക്കുവനാകാതെ വിതുമ്പുന്നു വ്യക്ഷം!

പൊടുന്നനെ പിടിചുലയ്ക്കുമൊരു കാറ്റിൽ വേദനയോടെ –

പൊഴിക്കാതെ വയ്യയീ പത്രങ്ങൾ !

വ്യക്ഷത്തിൻ നോവവഗണിച്ച് ,

വൻ കാറ്റുകളെയാശിക്കുകയാണ് ഞാൻ .

വീഴുവാൻ ബാക്കിനിൽക്കുമാകാറുകളെയപ്പാടെ നീക്കി,

വിണ്ണിൻ വദനം തെളിചീടുവാൻ !

അപ്പൊഴും വിതുമ്പുകയായിരുന്നോ വ്യക്ഷം?

ആഞ്ഞടിച്ചു വരുമൊരു കാറ്റ് –

ആകെ പൊതിഞ്ഞയാ ഹരിതങ്ങളെ ,

അപ്പാടെയടർത്തിയെടുക്കുന്നതോർത്ത്.

എന്നിട്ടുമാശിക്കുകയാണു കാറ്റിനെ ഞാൻ -

എൻ സ്വാർതഥത മറ്റാർക്കോ നൊമ്പരമാണെന്നറിയുമ്പോഴും!

എല്ലാം താൻപോരിമയോ.എന്നറിയാതെ ,

എന്നിട്ടുമെന്തിനോ വേണ്ടി മനസ്സു ചുറ്റി.!

ഉപാധികളില്ലാതെ തണലേകും ജന്മത്തിൻ -

ഉൾത്താപമൊട്ടുമറിയാതെ ചെയ്ത ,

ഉണ്ണിത്തത്തിൻ ചാപല്യങ്ങളിൽ

ഉത്തരം കിട്ടാതെ വിതുമ്പുയായിരുന്നുവോ വ്യക്ഷമപ്പോഴും

ഈഗോകള്‍ക്കിടയിലെ ഇടവേളകള്‍...!

ഇന്നിനു ഇന്നുമാത്രമായുസ്സ് !
ഇന്നലെകളാകുവാന്‍ വേണ്ടി മാത്രം പിറക്കുന്ന നാളെകള്‍ !
ആ അലപവേളയില്‍ മനസ്സിലുടക്കും പല വദനങ്ങളും -
ആയുസ്സെത്താതെ വെറും ഓര്‍മകളാകുന്നു .
എല്ലാം നിത്യസത്യമെങ്കിലും ,നീയും ഞാനുമെന്ന സ്വാര്‍ത്ഥത -
എന്നും മാറ്റമില്ലാതങ്ങിനെ തന്നെ .
ഒരിക്കല്‍ ചേരണമേന്നാഗ്രഹിചാലും -
ഒരിക്കലും ചെരുവാനാകാതത സമാന്തരരേഖകള്‍ !
ഇഗോ തീര്‍ക്കും ഇടവേളകളിലെ -
ഇരുള്‍ മൂടും കനത്ത മൌനങ്ങള്‍ -
നിനവില്‍ വിഷാദ ചിന്തകള്‍ കോറുംപോഴും...,
നിനവിനെ വേദനയ്ക്ക് വിട്ടു കൊടുത്തും ,
മൌനങ്ങള്‍ക്ക് മരണം നല്‍കുവാന്‍ മടിച്ചും,
മനസ്സെപ്പോഴും പിന്തിരിഞ്ഞു നടന്നു .
ഈ മൌനങ്ങളുടെ കണ്ണികളറുക്കുവാന്‍ -
ഈടറ്റയെന്‍ മനസിനിയാകില്ല .
അണികളുടെയര്‍തഥനകള്‍ കേള്‍ക്കാത്ത ദൂരത്തിലാണ് ,
അകലെ മറയും വെള്ളിവെട്ടമേന്തിയയിടയന്‍ .
ഒരിക്കലും നിന്‍ ഹൃത്തിലെയ്ക്കിറങ്ങിചെല്ലുവനാകാതെ -
ഒടുങ്ങുന്നു എന്നില്‍തന്നെയീയര്‍തഥനകള്‍.
ഒരിക്കലും ഈവ് ലഭിക്കാത്ത -
ഒരു ഭിക്ഷാംദേഹിയുടെ ഒഴിഞ്ഞ ഇരപ്പോട് പോലെ -
ഈഗോ തീര്‍ക്കും ഇടവേളകളില്‍ -
ഈളം ഒഴിയുമെന്‍ മനസ്സ് .

Friday, July 8, 2011

വിഷാദം

വിഷാദം വിഷമില്ലായുരഗങ്ങളെപ്പോലെ

ഒറ്റകൊത്തലിൽ തീരാതെ

വേദനയുടെ ദംശനങ്ങളേറ്റ്

ഉള്ള് പിടയുമ്പോഴും

കാഴ്ച്ചക്കാർ പറയും,

“വിഷമില്ലാത്ത ഇനമാ..”!

തീൻ മേശയിലിരിക്കും,

കൊതിയൂറും വിഭവങ്ങളിൽ

മനസ്സ് മദിക്കാതെ

തിരിഞ്ഞ് നടത്തിക്കും.

തിരക്കുകളിലലിയാതെ

സ്വയം തീർക്കും

ഏകാന്തതയുടെ ഇരുളിൽ

വഴികാണാതെ തപ്പിതടഞ്ഞ്

ഒടുക്കം,

ശരിയേതെന്നറിയാതെ

വിഷാദം ഒലിച്ചിറങ്ങുമൊരു

ഇരുണ്ടമുറിയിൽ വച്ച്

തിരിച്ചുവരാത്തൊരു

വരവിലേയ്ക്ക്

സ്വയം നടന്നടുക്കും.

അപ്പോഴും കാഴ്ച്ചക്കാർ പറയും,

“കാരണമൊന്നുമില്ലാത്രേ…”!