Saturday, July 9, 2011

അണ്ടിയില്ലാത്ത മാമ്പഴങ്ങള്‍...!

കരിയിലകള്‍ പൊഴിയുന്നത് കാലമെത്തിയിട്ടാണ് പക്ഷെ..
കൊച്ചു മാമ്പൂവുകള്‍ അടരുന്നതോ...?
കായ്ക്കുവാനായ് വിരിഞ്ഞിട്ടും കണക്കുതെറ്റി -
കാലം അടര്‍ത്തിയെടുക്കുന്നവ ...!
വിധിയുടെ കണക്കു പുസ്തകത്തില്‍ -
വിധിക്ക് മാത്രമറിയുന്ന കണക്കുകളറിയാതെ -
വിളഞ്ഞു പഴുക്കും മാമ്പഴങ്ങളെ സ്വപ്നം കണ്ടു
വിഡ്ഢി വേഷം കെട്ടിയവര്‍ നമ്മള്‍... !
പൊഴിയാതെ പൂത്തു കായ്ച്ചവയില്‍ -
പുഴുകുത്തുകള്‍ വീഴുമ്പോള്‍ ....
പിന്നെയും പൊലിയുന്നു,
പൂവിട്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ...!
ഒടുക്കം വീണു കിട്ടിയ മാമ്പഴത്തെപൂളി -
ഒട്ടൊരു പരിഭവത്തോടെ മാവിനോടോതും ,
ഒട്ടുമേ വേണ്ട ഞങ്ങള്‍ക്കീയണ്ടിയുള്ള മാമ്പഴങ്ങള്‍
ഒന്നടര്‍ത്താമോ ഞങ്ങള്‍ക്ക് വേണ്ടി മാത്രം , അണ്ടിയില്ലാത്ത മാമ്പഴങ്ങള്‍... !
മാവിന്റെ നിസ്സാഹായതയെ പരിഹസിച്ചു -
മാനത്തമ്പിളിയെ തൊടാനാശിക്കുമ്പോഴും ,
മനസ്സറിയുമോ ..മനുഷ്യജന്മങ്ങള്‍ക്കി കൊച്ചു -
മങ്ങാണ്ടിയോളം പോലും പുണ്യമില്ലത്രേ ...!
ആയുസ്സെത്താതകലുന്നതോക്കെയും
അകതാരിലവശേഷിപ്പിക്കുന്നത് മുറിവുകള്‍ മാത്രം ,
ആയുസ്സെത്തിയിട്ടും പൊഴിയാതവശേഷിക്കുന്നവയെ
അധികപറ്റായ് വരവ് വയ്ക്കുമേവരും .

No comments:

Post a Comment