Saturday, July 9, 2011

പറ്റിക്കലിന്റെ പൂരനാളുകൾ

ഒരു പൂരത്തിനു കൂടി തേക്കിൻ കാടൊരുങ്ങുമ്പോൾ ഓരോ പൂരപ്രേമികളുടെ മനസിലും പൂര സ്മരണകൾ നാനാ വിധമാണ്.

ആനചമയങ്ങളുടെ ചന്തങ്ങൾ…

ഇലഞ്ഞിതറമേള കൊഴുപ്പ്…

കുടമാറ്റങ്ങളുയർത്തുന്ന ഹർഷാരവങ്ങൾ…

പൂരപന്തലുകളുടെ അലങ്കാരപ്രഭ…

വെടിക്കെട്ടിന്റെ കൺകുളിക്കും കാഴ്ച്ചകൾ

പക്ഷെ…ഇതിനുമൊക്കെ അപ്പുറം,

ത്രിശ്ശൂർകാർക്ക് പൂരം തേക്കിൻ കാടിന്റെ തിരക്കിലലിയലാണ്.

എത്ര തവണ ആ തിരക്കിലലിഞ്ഞു ചേർന്നാലും മതിയാവാതെ….പിന്നെയും നടക്കും..

പുതിയ കാഴ്ച്ചകൾക്കു കൺ തുറന്ന്.

നിമിഷ പ്രണയങ്ങളുടേതു കൂടിയാണു ഈ പൂരനാളുകൾ!

കണ്ണുകൾ പരസ്പരം ഉടക്കി

ഹ്രദയം കൊണ്ട് പറയാതെ പറയുന്നതിനു മുൻപെ

തേക്കിൻ കാടിന്റെ തിരക്കുകളിൽ

അലിഞ്ഞു പോകുന്ന പ്രണയങ്ങൾ!

എല്ലാറ്റിനുമപ്പുറം,

കുട്ടികാലത്ത് ഞങ്ങൾ കുട്ടികളുടെ പൂരം പറ്റിക്കലുകളുടേതായിരുന്നു.

ത്രിശ്ശൂർ കിഴക്കെ അങ്ങാടിയിലെ വീടിനു മുൻപിലെ വഴിയിലൂടെ തേക്കിൻ കാട് ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ജനസമുദ്രങ്ങളായിരുന്നു ഞങ്ങളുടെ ഇരകൾ.

പൂരം കാണുവാൻ വരുന്ന ബന്ധുജനങ്ങളെകൊണ്ട് വീട് എപ്പോഴും ശബ്ദ്മുഖരിതമാകും.

അമ്മ എല്ലാവരെയും നന്നായി സൽക്കരിക്കാനുള്ള തിരക്കിലും.

അതിനാൽ തന്നെ മറ്റാരും അറിയാതെ ഞങ്ങൾക്ക് ഞങ്ങളുടെ കുരുത്തക്കേടുകളുടെ കളിയരങ്ങ് തീർക്കാം.

ബന്ധുജനങ്ങൾ അവശേഷിപ്പിക്കുന്ന വേയ്സ്റ്റ്

.അതാ‍യത്.എല്ലിൻ കഷണങ്ങൾ,മീൻ മുള്ളുകൾ, ഫ്രൂട്സിന്റെ തൊലികൾ ഇവയൊക്കെയായിരുന്നു ഞങ്ങളുടെ പണിയായുധങ്ങൾ.

വേയ്സ്റ്റ് ബാസ്ക്കറ്റിൽനിന്നും അവ കൊച്ചു കൊച്ചു ബോക്സുകളിലേയ്ക്ക് മാറ്റി നന്നായി കവർ ചെയ്യും. അടുത്തതായി ആ കവർ ആരും കാണാതെ റോഡീൽ കൊണ്ട് പോയി വയ്ക്കുക എന്നതാണ്. പിന്നെ ഇരകൾക്കായി കാത്തിരിക്കും.

പല മാന്യന്മാരും തിളങ്ങുന്ന ബോക്സ് കാലുകൾകൊണ്ട് തട്ടിമാറ്റി തട്ടിമാറ്റി കൈക്കുള്ളിലാക്കും.

പക്ഷെ….എല്ലിൻ കഷണങ്ങളും വേയ്സ്റ്റും കണ്ട് ചമ്മിയ മുഖവുമായി സ്ഥലം വിടും. ഇലഞ്ഞിതറമേളകൊഴുപ്പിൽ ഞങ്ങളുടെ പൊട്ടിച്ചിരികൾ ആരും കേൾക്കില്ല.

ആ ബോക്സുകൾ മൊത്തം അങ്ങിനെ തീരുമ്പോഴേയ്ക്കും തേക്കിൻ കാട്ടിൽ കുടമാറ്റത്തിനു അരങ്ങൊരുങ്ങും.

പിന്നെ ബഹളമാണ്…പെട്ടെന്നുള്ള ഒരുക്കങ്ങൾ…കാരണം കുടകൾ മാറുന്നതിനനുസരിച്ച് കൂവാൻ പൂരതിരക്കിനൊപ്പം ചേരണം.

അത് നിർബന്ധമാണ് ഞങ്ങൾക്ക്.

ജയ് ഹിന്ദ് ബിൽഡിങ്ങിലെ മുകൾനിലയിലാണു ഞങ്ങളുടെ താവളം.കസിൻസുമൊക്കെയായി ഒരു കുട്ടിപട്ടാളം തന്നെയുണ്ടാകും.

കുടകൾ മാറുന്നത് കണ്ടില്ലെങ്കിലും കൂവുന്ന ചേട്ടന്മാർക്കൊപ്പം ക്യത്യമായി ഞങ്ങളും കൂവും.അവർ “ചുമപ്പ്…മഞ്ഞ..നീല എന്നൊക്കെ പറയുമ്പോൾ കുടകൾ കണ്ടില്ലെങ്കിലും ഞങ്ങളും പറയും,“ചുമപ്പ്….മഞ്ഞ…നീല

ഒരിക്കൽ അങ്ങിനെ കൂവിയപ്പോൾ ഒരു അങ്കിൾ ചോദിച്ചു,“വല്ലതും കണ്ടോ…?”

“ഇല്ല”.ഞാൻ പറഞ്ഞു.

“പിന്നെന്തിനാ കൂവിയത്”…? അങ്കിൾ

“അങ്കിൾ എന്തിനാ കൂവിയത്…?” ഞാൻ തിരിച്ചു ചോദിച്ചു

“ഞാൻ കാണുന്നുണ്ട്…ദാ…” എന്ന് പറഞ്ഞ് അങ്കിൾ കൈച്ചൂണ്ടി

“അങ്കിളിന്റെ അത്ര ഉയരം വയ്ക്കുമ്പോൾ ഞാനും കണ്ട് കൂവിക്കോളാം”എന്നു പറഞ്ഞു ഞാൻ അവിടുന്നു ഓടികളഞ്ഞു.

അതിനു ശേഷം കൂവുമ്പോഴൊക്കെ ആ അങ്കിളിന്റ് ചോദ്യം ഓർമ വരും.അപ്പോൾ കൂവലിന്റെ ശക്തി കുറയും…..

കുടമാറ്റത്തിനു ശേഷം ശക്തൻ തമ്പുരാന്റെ പ്രതിമയെ വലം വച്ചാനകൾ നീങ്ങുമ്പോൾ ഞങ്ങളും താഴോട്ട് പടികളിറങ്ങും.

പ്രദിക്ഷണ വഴിയിലൂടെ അമ്പലപന്തലുകൾ കണ്ടുള്ള

നടപ്പ് തേക്കിൻ കാട് മൈതാനിയിൽ അവസാനിക്കും. ഒരു കൊച്ചു വെടിക്കെട്ടിനു തിരിതെളിക്കും വരെ അവിടെ വെടി പറഞ്ഞിരിക്കും.

ആ വെടിക്കെട്ട് കൂടി പൂർത്തിയാവുമ്പോൾ ഞങ്ങൾ കുട്ടികളുടെ പൂരകാഴച്ചകൾ അവസാനിക്കും.പിന്നെ അപ്പച്ച്നും അമ്മയ്ക്കുമൊപ്പം വീട്ടിലേയ്ക്ക്.

അപ്പോഴും തേക്കിൻ കാട് ഉറങ്ങാതിരിക്കും..പുലർച്ചയുടെ വെടിക്കെട്ട് മമാങ്കത്തിനായി.

പിന്നെ പിറ്റെ ദിവസത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പകൽ പൂരത്തിന്റെ ആ വർഷത്തെ അവസാന പൂര കാഴ്ച്ചകൾക്കായി.

4 comments:

  1. ഹി ഹി..
    ഇപ്പളും കുടമാറ്റം കാണുമ്പൊ കൂവുന്നുണ്ടല്ലൊ ല്ലെ...?

    ReplyDelete