Wednesday, September 21, 2011

നന്മയുടെ കല്ലുകള്‍...!


ഇതൊരു കൊച്ചു കഥ ...!!!
ഒട്ടും പുതുമയില്ലാത്തത്‌ .
സ്നേഹിതനുവേണ്ടി ജീവന്‍ ബാലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന്
സ്വന്തം ജീവിതം വഴി നമ്മെ കാണിച്ചുതന്ന മനുഷ്യപുത്രന്റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ ഇത്
സമര്‍പ്പണം .
പണ്ട് പണ്ട് ....എന്ന് പറഞ്ഞാല്‍ ഒത്തിരി പണ്ടല്ല ,എങ്കിലും ഒരു ഫ്ലാഷ് ബാക്ക് .
ശക്തന്റെ നാട്ടില്‍ .....വളരെ തിരക്ക് പിടിച്ചു വാഹനങ്ങള്‍ പായുന്ന
കിഴക്കേ അങ്ങാടിയിലുള്ള ഒരു രണ്ടുനില വീട്ടില്‍ നിന്നും തുടങ്ങാം .
ഞങ്ങള്‍ കുട്ടികള്‍ തീര്‍ക്കുന്ന ബഹളങ്ങളുടെ കൂത്തരങ്ങായിരുന്നു എപ്പൊഴും അതിനകം .
എല്ലായ്പോഴും എന്തെങ്കിലുമൊക്കെ ഉടഞ്ഞു വീണു പൊട്ടികൊണ്ടിരുന്നു .
അപ്പോഴൊക്കെ ഞങ്ങള്‍ക്ക് അമ്മയുടെ ശിക്ഷയും ഞങ്ങളെ നോക്കുവാനായി ആ വീട്ടില്‍ നിന്നിരുന്ന ആന്റിക്ക് പൊരിഞ്ഞ വഴക്കും കിട്ടിയിരുന്നു .അതുകൊണ്ട് തന്നെ ഞങ്ങളെ പേടിച്ചു അധികനാളൊന്നും ആരും അവിടെ നിന്നില്ല.അമ്മയുടെ ശിക്ഷണ നടപടികള്‍ ഞങ്ങളില്‍ പ്രയോജനം ചെയ്യാതെ വരുമ്പോള്‍ -
ബിസിനസ്സിന്റെ തിരക്കുകളില്‍ കഴിയുന്ന അപ്പച്ചന്റെ ഊഴമായി.
പണിഷ്മെന്റു ഫോണ്‍ വഴി വരും. "വൈകീട്ട് അപ്പച്ചന്‍ വരുന്നത് വരെ മുട്ടിന്മേല്‍ നില്‍ക്കണം " മിക്കപോഴും ഇതുതന്നെയാണ് ശിക്ഷ .അങ്ങിനെ ആ ദിവസത്തിന്‍ ബഹളങ്ങള്‍ക്ക് അറുതിയായി എന്ന് കരുതിയാല്‍ തെറ്റി.
ഞങ്ങള്‍ മുട്ടിന്മേല്‍ നില്‍ക്കുന്നത് രണ്ടാം നിലയിലെ വരാന്തയിലാണ് .അവിടെ അങ്ങിനെ നിന്നാല്‍ താഴെ നിരത്തിലൂടെ പോകുന്നവരെ കാണാം .പലരെയും ഇങ്ങിനെ കണ്ടു കണ്ടു വലിയ പരിചയം ആയവരാണ്.
കുഞ്ഞുകുഞ്ഞു ...,തറവാട് ,ബെല്‍ബോട്ടം, ഉളി ,ഹോജ, പപടകാരി കറുത്തമ്മ , വായുദേവന്‍ ,വളമേരി, കുഞ്ഞെട്ടനും വലിയെട്ടനും ...കര്‍ത്താവ്‌ ....(ഈ കര്‍ത്താവ്‌ ഇന്ന് തൃശൂരിലെ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് ...പേര് പറഞ്ഞാല്‍ എല്ലാവരും അറിയും ..അതുകൊണ്ട് രഹസ്യപേര് തന്നെ ഇരിക്കട്ടെ ).........എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഞങ്ങളുടെ പ്രതെയ്ക പേരുകളുണ്ട് .അവര്‍ പോകുമ്പോള്‍ ഞങ്ങള്‍ ഉറക്കെ ഈ ചെല്ലപേര് വിളിച്ചു കുനിഞ്ഞു കളയും.
പലരും ഈ കുരുത്തം കേട്ട പിള്ളാരെ മൈന്‍ഡ് ചെയ്യാറില്ലെങ്കിലും ..,കുറച്ചില് തോന്നുന്നവരൊക്കെ രാത്രിയില്‍ പരാതിയുമായി അപ്പച്ചനെ സമീപിക്കും. പിന്നെ ചൂരല്‍വടി അരങ്ങു തകര്‍ക്കും .എന്നിട്ടും ഞങ്ങളുണ്ടോ കുരുത്തകേടുകള്‍ അവസാനിപ്പിക്കുന്നു .
ഓടാന്‍ പാടവരമ്പുകളും മുങ്ങിനിവരുവാന്‍ കുളങ്ങളും ഇല്ലാത്ത പട്ടണത്തിലെ ഈ കൊച്ചന്തെവാസികള്‍ക്ക് ഇതൊക്കെയല്ലേ ബാക്കിയുള്ളൂ . ഔട്ടിംഗ് ഇല്ലാത്ത ഞായറാഴ്ചകളിലും ഞങ്ങളീ വരാന്തയില്‍ ഒത്തുകൂടും .അന്ന് പക്ഷെ ഞങ്ങള്‍ ഒരുപാട് ഡീസന്റാകും.കാരണം അന്ന് ഞങ്ങളോടൊപ്പം അപ്പച്ചനും കാണും. അപ്പച്ചന്‍ കുറെ പഴം പുരാണങ്ങള്‍ പറയും കൂടെ കൊച്ചു കൊച്ചു കഥകളും ...അങ്ങിനെ വീണു കിട്ടിയതാണീ കഥ .
പാലാകാരി ത്രെസ്യാമാച്ചി ഒരു വലിയ ക്രിസ്തു ഭക്തയാണ് . എനും പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കും .അഞ്ചര വരെ പ്രാര്‍ത്ഥിക്കും . പള്ളിമണി അടിക്കും മുന്‍പേ പള്ളിയിലെത്തും . ത്രെസ്യാമാച്ചിയുടെ വിചാരം ത്രെസ്യാമാച്ചി എത്തിയാലേ കപ്യാര്‍ പള്ളിമണി അടിക്കൂ എന്നാണു . ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു നല്ല ക്രിസ്ത്യാനിക്ക് വേണ്ട നല്ല ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു അഹങ്കാരിയായിരുന്നു ത്രെസ്യാമാച്ചി. ഒരിക്കല്‍ ത്രെസ്യാമാച്ചി ഒരു സ്വപ്നം കണ്ടു .സ്വപ്നത്തില്‍ ത്രെസ്യാമാച്ചിക്ക് യേശു പ്രത്യക്ഷപെട്ടു .
"ത്രെസാമേ ..." യേശു വിളിച്ചു .
" എന്തോ കര്‍ത്താവേ " ത്രെസാമാച്ചി ഭവ്യതയോടെ വിളി കേട്ടു.
"നീ പള്ളിയില്‍ പോകുന്ന വഴിക്ക് ഒരു പോട്ടകുളം കണ്ടിട്ടുണ്ടോ ...?" യേശു ചോദിച്ചു .
" നമ്മുടെ മത്തായിച്ചന്റെ കടയുടെ അപ്പുറത്തുള്ളതല്ലേ കര്‍ത്താവേ ." ത്രെസാമ ചോദിച്ചു .
" ശരി. ഇനി നീ എന്നും കുര്‍ബാനയ്ക്ക് പോകുമ്പോള്‍ ഒരു കല്ലെടുത്ത്‌ കൈയ്യില്‍ വയ്ക്കണം .ആ പൊട്ടകുളത്തിനടു ത്തെ ത്തുമ്പോള്‍ കല്ല്‌ അതിനകത്തോട്ടിടണം." യേശു പറഞ്ഞു .
"അതെന്തു വേല കര്‍ത്താവേ ...?" ത്രെസമാച്ചി അതിശയതോടെ ചോദിച്ചു .
"അത് നിന്റെ കുര്‍ബാനയുടെ ശരിയായ കണക്കിന് വേണ്ടിയാണ് . നീ മരിച്ചു കഴിയുമ്പോള്‍ ആ പൊട്ടകുളത്തില്‍ വീണ കല്ലുകളുടെ എണ്ണത്തിനനുസരിച്ചു നീ കണ്ട കുര്‍ബാനയുടെ കണക്കും രേഖപെടുത്തും " ഇതും പറഞ്ഞു യേശു അപ്രത്യക്ഷനായി .
അന്ന് മുതല്‍ ത്രെസമാച്ചി ഒന്നല്ല രണ്ടു കല്ലുകള്‍ വീതം പൊട്ടകുളത്തിലിടാന്‍ തുടങ്ങി .ഇത്ര നാള്‍ കണ്ട കുര്‍ബാനകള്‍ ഒന്നും വേസ്റ്റ് അകരുതല്ലോ .പോട്ടകുളം ത്രെസമാച്ചിയുടെ കല്ലുകള്‍ കൊണ്ട് നിറയുവാന്‍ തുടങ്ങി ...ത്രെസമാച്ചി കുര്‍ബാനകള്‍ ഒന്നല്ല രണ്ടു വീതം കണ്ടു തുടങ്ങി .മറ്റാര്‍ക്കും സംശയം തോനാതിരിക്കുവാന്‍ ത്രെസമാച്ചി ആ കുളത്തിന് അരികെ മദിരാശി മരം വച്ച് പിടിപ്പിച്ചു . വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ മരം വളര്‍ന്നു നാട്ടുകാര്‍ക്ക് തണലേകി .
ഒടുക്കം .... ത്രെസമാച്ചി യുടെ ഊഴവും വന്നെത്തി .
മരിച്ചു അങ്ങ് സ്വര്‍ഗ്ഗ കവാടത്തില്‍ പ്രാവേശനാനുമതിക്ക് വേണ്ടി ത്രെസമാച്ചി കാത്തു നിന്നു. കണക്കെഴുത്തുകാരന്‍ വന്നു അമ്മച്ചിയുടെ പുസ്തകം തുറന്നു .
" ത്രെസമ്മേ...നീയാള് ശരിയാല്ലല്ലോ...?" കണക്കെഴുത്തുകാരന്‍ ചോദിച്ചു .
" ഇശോയെ എന്നതായി പറയുന്നേ ...ദിവസം രണ്ടു കുര്‍ബാനവീതം കാണുന്ന ഞാന്‍ ശരിയല്ലെന്നോ ...?
ടാ കൊച്ചനെ നിനക്ക് എഴുത്തും വായനയൊക്കെ അറിയാമോടാ ...? " ത്രെസാമാച്ചി പരിഭ്രമത്തോടെ ചോദിച്ചു .
" അമ്മച്ചി നിങ്ങള്‍ ജീവിതകാലത്തില്‍ ഒരിക്കല്‍ മാത്രമേ പള്ളിയില്‍ പോയിട്ടുള്ളൂ ".കണക്കെഴുത്തുകാരന്‍ പറഞ്ഞു
"ഇശ്വോയെ എന്നതയിത്...? സംശയമാണേല്‍ നീയാ പൊട്ടകുളം ഒന്ന് വന്നു നോക്കെടാ ചെക്കാ കളി പറയാതെ ". അമ്മച്ചി പറഞ്ഞു .
ഇവരുടെ തര്‍ക്കം കണ്ടു ഇശ്വോ ഇടപെട്ടു .എന്നിട്ട് പറഞ്ഞു .
" ത്രെസമ്മേ ..ഇവന്‍ പറഞ്ഞത് ശരിയാ...നീ ഈ ജീവിതകാലത്തിനിടയ്ക്കു ഒരു നന്മയെ ചെയ്തുള്ളൂ .ആ മരം നട്ടത്.നനമയാണെന്ന് അറിയാതെ നീ ചെയ്ത ആ നന്മയുടെ ഫലം നിനക്ക് കിട്ടും.അതുമൂലം നിന്റെ മറ്റു കഠിന പാപങ്ങളുടെ ശിക്ഷകളുടെ അളവ് കുറഞ്ഞിരിക്കും .അതുകൊണ്ട് ഇവിടുത്തെ ശിക്ഷാവിധികള്‍ ഏറ്റുവാങ്ങുവാന്‍ തയാറായികൊള്ളൂ." യേശു പറഞ്ഞു.
"എന്നാലും കര്‍ത്താവേ ഇതറിഞ്ഞിരുന്നെങ്കില്‍ ആ വഴിയരികില്‍ ഞാന്‍ മൊത്തം മരങ്ങള്‍ നടുമായിരുന്നല്ലോ ..!" ത്രെസമ്മാച്ചി യേശുവിന്റെ കാല്‍ക്കല്‍ വീണു .
"നന്മയ്ക്ക് സ്വര്‍ഗ്ഗവും തിന്മയ്ക്കു നരകവും പ്രതിഫലം " ഇതും പറഞ്ഞു യേശു അപ്രത്യക്ഷമായി .
കൊച്ചിലെ കേട്ട ഇത്തരം കഥകളാണ് പലപ്പോഴും എന്നെത്തന്നെ മറന്നു മറ്റുളവരെ സ്നേഹിക്കുവ്വാന്‍ എനിക്ക് മാര്‍ഗദീപമാകുന്നത് ....എനിക്ക് ഇത്തരം കഥകള്‍ പറഞ്ഞു തന്ന അപ്പച്ചന്‍ ഇന്നില്ല ....മരിച്ചിട്ടില്ല ,പക്ഷെ മുന്‍പേ പോയി.അത്ര മാത്രം
കൂട്ടരേ നമുക്കും ഇടാം ഇത്തരം നന്മയുടെ കല്ലുകള്‍ ഈ സമൂഹത്തില്‍ .അങ്ങിനെ യിടുന്ന ഈ നന്മയുടെ കല്ലുകള്‍ കൊണ്ട് സ്വര്‍ഗങ്ങള്‍ നിറയട്ടെ ...! ഒടുക്കം .....ക്രിസ്തുവും കൃഷ്ണനും അല്ലാഹുവുമൊക്കെ പറയട്ടെ ,
"ഞങ്ങള്‍ തോറ്റു. ഇനിയും കല്ലുകള്‍ സൂക്ഷിക്കാന്‍ ഇവിടം സ്ഥലമില്ല ".