Wednesday, September 21, 2011

നന്മയുടെ കല്ലുകള്‍...!


ഇതൊരു കൊച്ചു കഥ ...!!!
ഒട്ടും പുതുമയില്ലാത്തത്‌ .
സ്നേഹിതനുവേണ്ടി ജീവന്‍ ബാലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന്
സ്വന്തം ജീവിതം വഴി നമ്മെ കാണിച്ചുതന്ന മനുഷ്യപുത്രന്റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ ഇത്
സമര്‍പ്പണം .
പണ്ട് പണ്ട് ....എന്ന് പറഞ്ഞാല്‍ ഒത്തിരി പണ്ടല്ല ,എങ്കിലും ഒരു ഫ്ലാഷ് ബാക്ക് .
ശക്തന്റെ നാട്ടില്‍ .....വളരെ തിരക്ക് പിടിച്ചു വാഹനങ്ങള്‍ പായുന്ന
കിഴക്കേ അങ്ങാടിയിലുള്ള ഒരു രണ്ടുനില വീട്ടില്‍ നിന്നും തുടങ്ങാം .
ഞങ്ങള്‍ കുട്ടികള്‍ തീര്‍ക്കുന്ന ബഹളങ്ങളുടെ കൂത്തരങ്ങായിരുന്നു എപ്പൊഴും അതിനകം .
എല്ലായ്പോഴും എന്തെങ്കിലുമൊക്കെ ഉടഞ്ഞു വീണു പൊട്ടികൊണ്ടിരുന്നു .
അപ്പോഴൊക്കെ ഞങ്ങള്‍ക്ക് അമ്മയുടെ ശിക്ഷയും ഞങ്ങളെ നോക്കുവാനായി ആ വീട്ടില്‍ നിന്നിരുന്ന ആന്റിക്ക് പൊരിഞ്ഞ വഴക്കും കിട്ടിയിരുന്നു .അതുകൊണ്ട് തന്നെ ഞങ്ങളെ പേടിച്ചു അധികനാളൊന്നും ആരും അവിടെ നിന്നില്ല.അമ്മയുടെ ശിക്ഷണ നടപടികള്‍ ഞങ്ങളില്‍ പ്രയോജനം ചെയ്യാതെ വരുമ്പോള്‍ -
ബിസിനസ്സിന്റെ തിരക്കുകളില്‍ കഴിയുന്ന അപ്പച്ചന്റെ ഊഴമായി.
പണിഷ്മെന്റു ഫോണ്‍ വഴി വരും. "വൈകീട്ട് അപ്പച്ചന്‍ വരുന്നത് വരെ മുട്ടിന്മേല്‍ നില്‍ക്കണം " മിക്കപോഴും ഇതുതന്നെയാണ് ശിക്ഷ .അങ്ങിനെ ആ ദിവസത്തിന്‍ ബഹളങ്ങള്‍ക്ക് അറുതിയായി എന്ന് കരുതിയാല്‍ തെറ്റി.
ഞങ്ങള്‍ മുട്ടിന്മേല്‍ നില്‍ക്കുന്നത് രണ്ടാം നിലയിലെ വരാന്തയിലാണ് .അവിടെ അങ്ങിനെ നിന്നാല്‍ താഴെ നിരത്തിലൂടെ പോകുന്നവരെ കാണാം .പലരെയും ഇങ്ങിനെ കണ്ടു കണ്ടു വലിയ പരിചയം ആയവരാണ്.
കുഞ്ഞുകുഞ്ഞു ...,തറവാട് ,ബെല്‍ബോട്ടം, ഉളി ,ഹോജ, പപടകാരി കറുത്തമ്മ , വായുദേവന്‍ ,വളമേരി, കുഞ്ഞെട്ടനും വലിയെട്ടനും ...കര്‍ത്താവ്‌ ....(ഈ കര്‍ത്താവ്‌ ഇന്ന് തൃശൂരിലെ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് ...പേര് പറഞ്ഞാല്‍ എല്ലാവരും അറിയും ..അതുകൊണ്ട് രഹസ്യപേര് തന്നെ ഇരിക്കട്ടെ ).........എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഞങ്ങളുടെ പ്രതെയ്ക പേരുകളുണ്ട് .അവര്‍ പോകുമ്പോള്‍ ഞങ്ങള്‍ ഉറക്കെ ഈ ചെല്ലപേര് വിളിച്ചു കുനിഞ്ഞു കളയും.
പലരും ഈ കുരുത്തം കേട്ട പിള്ളാരെ മൈന്‍ഡ് ചെയ്യാറില്ലെങ്കിലും ..,കുറച്ചില് തോന്നുന്നവരൊക്കെ രാത്രിയില്‍ പരാതിയുമായി അപ്പച്ചനെ സമീപിക്കും. പിന്നെ ചൂരല്‍വടി അരങ്ങു തകര്‍ക്കും .എന്നിട്ടും ഞങ്ങളുണ്ടോ കുരുത്തകേടുകള്‍ അവസാനിപ്പിക്കുന്നു .
ഓടാന്‍ പാടവരമ്പുകളും മുങ്ങിനിവരുവാന്‍ കുളങ്ങളും ഇല്ലാത്ത പട്ടണത്തിലെ ഈ കൊച്ചന്തെവാസികള്‍ക്ക് ഇതൊക്കെയല്ലേ ബാക്കിയുള്ളൂ . ഔട്ടിംഗ് ഇല്ലാത്ത ഞായറാഴ്ചകളിലും ഞങ്ങളീ വരാന്തയില്‍ ഒത്തുകൂടും .അന്ന് പക്ഷെ ഞങ്ങള്‍ ഒരുപാട് ഡീസന്റാകും.കാരണം അന്ന് ഞങ്ങളോടൊപ്പം അപ്പച്ചനും കാണും. അപ്പച്ചന്‍ കുറെ പഴം പുരാണങ്ങള്‍ പറയും കൂടെ കൊച്ചു കൊച്ചു കഥകളും ...അങ്ങിനെ വീണു കിട്ടിയതാണീ കഥ .
പാലാകാരി ത്രെസ്യാമാച്ചി ഒരു വലിയ ക്രിസ്തു ഭക്തയാണ് . എനും പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കും .അഞ്ചര വരെ പ്രാര്‍ത്ഥിക്കും . പള്ളിമണി അടിക്കും മുന്‍പേ പള്ളിയിലെത്തും . ത്രെസ്യാമാച്ചിയുടെ വിചാരം ത്രെസ്യാമാച്ചി എത്തിയാലേ കപ്യാര്‍ പള്ളിമണി അടിക്കൂ എന്നാണു . ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു നല്ല ക്രിസ്ത്യാനിക്ക് വേണ്ട നല്ല ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു അഹങ്കാരിയായിരുന്നു ത്രെസ്യാമാച്ചി. ഒരിക്കല്‍ ത്രെസ്യാമാച്ചി ഒരു സ്വപ്നം കണ്ടു .സ്വപ്നത്തില്‍ ത്രെസ്യാമാച്ചിക്ക് യേശു പ്രത്യക്ഷപെട്ടു .
"ത്രെസാമേ ..." യേശു വിളിച്ചു .
" എന്തോ കര്‍ത്താവേ " ത്രെസാമാച്ചി ഭവ്യതയോടെ വിളി കേട്ടു.
"നീ പള്ളിയില്‍ പോകുന്ന വഴിക്ക് ഒരു പോട്ടകുളം കണ്ടിട്ടുണ്ടോ ...?" യേശു ചോദിച്ചു .
" നമ്മുടെ മത്തായിച്ചന്റെ കടയുടെ അപ്പുറത്തുള്ളതല്ലേ കര്‍ത്താവേ ." ത്രെസാമ ചോദിച്ചു .
" ശരി. ഇനി നീ എന്നും കുര്‍ബാനയ്ക്ക് പോകുമ്പോള്‍ ഒരു കല്ലെടുത്ത്‌ കൈയ്യില്‍ വയ്ക്കണം .ആ പൊട്ടകുളത്തിനടു ത്തെ ത്തുമ്പോള്‍ കല്ല്‌ അതിനകത്തോട്ടിടണം." യേശു പറഞ്ഞു .
"അതെന്തു വേല കര്‍ത്താവേ ...?" ത്രെസമാച്ചി അതിശയതോടെ ചോദിച്ചു .
"അത് നിന്റെ കുര്‍ബാനയുടെ ശരിയായ കണക്കിന് വേണ്ടിയാണ് . നീ മരിച്ചു കഴിയുമ്പോള്‍ ആ പൊട്ടകുളത്തില്‍ വീണ കല്ലുകളുടെ എണ്ണത്തിനനുസരിച്ചു നീ കണ്ട കുര്‍ബാനയുടെ കണക്കും രേഖപെടുത്തും " ഇതും പറഞ്ഞു യേശു അപ്രത്യക്ഷനായി .
അന്ന് മുതല്‍ ത്രെസമാച്ചി ഒന്നല്ല രണ്ടു കല്ലുകള്‍ വീതം പൊട്ടകുളത്തിലിടാന്‍ തുടങ്ങി .ഇത്ര നാള്‍ കണ്ട കുര്‍ബാനകള്‍ ഒന്നും വേസ്റ്റ് അകരുതല്ലോ .പോട്ടകുളം ത്രെസമാച്ചിയുടെ കല്ലുകള്‍ കൊണ്ട് നിറയുവാന്‍ തുടങ്ങി ...ത്രെസമാച്ചി കുര്‍ബാനകള്‍ ഒന്നല്ല രണ്ടു വീതം കണ്ടു തുടങ്ങി .മറ്റാര്‍ക്കും സംശയം തോനാതിരിക്കുവാന്‍ ത്രെസമാച്ചി ആ കുളത്തിന് അരികെ മദിരാശി മരം വച്ച് പിടിപ്പിച്ചു . വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ മരം വളര്‍ന്നു നാട്ടുകാര്‍ക്ക് തണലേകി .
ഒടുക്കം .... ത്രെസമാച്ചി യുടെ ഊഴവും വന്നെത്തി .
മരിച്ചു അങ്ങ് സ്വര്‍ഗ്ഗ കവാടത്തില്‍ പ്രാവേശനാനുമതിക്ക് വേണ്ടി ത്രെസമാച്ചി കാത്തു നിന്നു. കണക്കെഴുത്തുകാരന്‍ വന്നു അമ്മച്ചിയുടെ പുസ്തകം തുറന്നു .
" ത്രെസമ്മേ...നീയാള് ശരിയാല്ലല്ലോ...?" കണക്കെഴുത്തുകാരന്‍ ചോദിച്ചു .
" ഇശോയെ എന്നതായി പറയുന്നേ ...ദിവസം രണ്ടു കുര്‍ബാനവീതം കാണുന്ന ഞാന്‍ ശരിയല്ലെന്നോ ...?
ടാ കൊച്ചനെ നിനക്ക് എഴുത്തും വായനയൊക്കെ അറിയാമോടാ ...? " ത്രെസാമാച്ചി പരിഭ്രമത്തോടെ ചോദിച്ചു .
" അമ്മച്ചി നിങ്ങള്‍ ജീവിതകാലത്തില്‍ ഒരിക്കല്‍ മാത്രമേ പള്ളിയില്‍ പോയിട്ടുള്ളൂ ".കണക്കെഴുത്തുകാരന്‍ പറഞ്ഞു
"ഇശ്വോയെ എന്നതയിത്...? സംശയമാണേല്‍ നീയാ പൊട്ടകുളം ഒന്ന് വന്നു നോക്കെടാ ചെക്കാ കളി പറയാതെ ". അമ്മച്ചി പറഞ്ഞു .
ഇവരുടെ തര്‍ക്കം കണ്ടു ഇശ്വോ ഇടപെട്ടു .എന്നിട്ട് പറഞ്ഞു .
" ത്രെസമ്മേ ..ഇവന്‍ പറഞ്ഞത് ശരിയാ...നീ ഈ ജീവിതകാലത്തിനിടയ്ക്കു ഒരു നന്മയെ ചെയ്തുള്ളൂ .ആ മരം നട്ടത്.നനമയാണെന്ന് അറിയാതെ നീ ചെയ്ത ആ നന്മയുടെ ഫലം നിനക്ക് കിട്ടും.അതുമൂലം നിന്റെ മറ്റു കഠിന പാപങ്ങളുടെ ശിക്ഷകളുടെ അളവ് കുറഞ്ഞിരിക്കും .അതുകൊണ്ട് ഇവിടുത്തെ ശിക്ഷാവിധികള്‍ ഏറ്റുവാങ്ങുവാന്‍ തയാറായികൊള്ളൂ." യേശു പറഞ്ഞു.
"എന്നാലും കര്‍ത്താവേ ഇതറിഞ്ഞിരുന്നെങ്കില്‍ ആ വഴിയരികില്‍ ഞാന്‍ മൊത്തം മരങ്ങള്‍ നടുമായിരുന്നല്ലോ ..!" ത്രെസമ്മാച്ചി യേശുവിന്റെ കാല്‍ക്കല്‍ വീണു .
"നന്മയ്ക്ക് സ്വര്‍ഗ്ഗവും തിന്മയ്ക്കു നരകവും പ്രതിഫലം " ഇതും പറഞ്ഞു യേശു അപ്രത്യക്ഷമായി .
കൊച്ചിലെ കേട്ട ഇത്തരം കഥകളാണ് പലപ്പോഴും എന്നെത്തന്നെ മറന്നു മറ്റുളവരെ സ്നേഹിക്കുവ്വാന്‍ എനിക്ക് മാര്‍ഗദീപമാകുന്നത് ....എനിക്ക് ഇത്തരം കഥകള്‍ പറഞ്ഞു തന്ന അപ്പച്ചന്‍ ഇന്നില്ല ....മരിച്ചിട്ടില്ല ,പക്ഷെ മുന്‍പേ പോയി.അത്ര മാത്രം
കൂട്ടരേ നമുക്കും ഇടാം ഇത്തരം നന്മയുടെ കല്ലുകള്‍ ഈ സമൂഹത്തില്‍ .അങ്ങിനെ യിടുന്ന ഈ നന്മയുടെ കല്ലുകള്‍ കൊണ്ട് സ്വര്‍ഗങ്ങള്‍ നിറയട്ടെ ...! ഒടുക്കം .....ക്രിസ്തുവും കൃഷ്ണനും അല്ലാഹുവുമൊക്കെ പറയട്ടെ ,
"ഞങ്ങള്‍ തോറ്റു. ഇനിയും കല്ലുകള്‍ സൂക്ഷിക്കാന്‍ ഇവിടം സ്ഥലമില്ല ".

Saturday, July 9, 2011

പറ്റിക്കലിന്റെ പൂരനാളുകൾ

ഒരു പൂരത്തിനു കൂടി തേക്കിൻ കാടൊരുങ്ങുമ്പോൾ ഓരോ പൂരപ്രേമികളുടെ മനസിലും പൂര സ്മരണകൾ നാനാ വിധമാണ്.

ആനചമയങ്ങളുടെ ചന്തങ്ങൾ…

ഇലഞ്ഞിതറമേള കൊഴുപ്പ്…

കുടമാറ്റങ്ങളുയർത്തുന്ന ഹർഷാരവങ്ങൾ…

പൂരപന്തലുകളുടെ അലങ്കാരപ്രഭ…

വെടിക്കെട്ടിന്റെ കൺകുളിക്കും കാഴ്ച്ചകൾ

പക്ഷെ…ഇതിനുമൊക്കെ അപ്പുറം,

ത്രിശ്ശൂർകാർക്ക് പൂരം തേക്കിൻ കാടിന്റെ തിരക്കിലലിയലാണ്.

എത്ര തവണ ആ തിരക്കിലലിഞ്ഞു ചേർന്നാലും മതിയാവാതെ….പിന്നെയും നടക്കും..

പുതിയ കാഴ്ച്ചകൾക്കു കൺ തുറന്ന്.

നിമിഷ പ്രണയങ്ങളുടേതു കൂടിയാണു ഈ പൂരനാളുകൾ!

കണ്ണുകൾ പരസ്പരം ഉടക്കി

ഹ്രദയം കൊണ്ട് പറയാതെ പറയുന്നതിനു മുൻപെ

തേക്കിൻ കാടിന്റെ തിരക്കുകളിൽ

അലിഞ്ഞു പോകുന്ന പ്രണയങ്ങൾ!

എല്ലാറ്റിനുമപ്പുറം,

കുട്ടികാലത്ത് ഞങ്ങൾ കുട്ടികളുടെ പൂരം പറ്റിക്കലുകളുടേതായിരുന്നു.

ത്രിശ്ശൂർ കിഴക്കെ അങ്ങാടിയിലെ വീടിനു മുൻപിലെ വഴിയിലൂടെ തേക്കിൻ കാട് ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ജനസമുദ്രങ്ങളായിരുന്നു ഞങ്ങളുടെ ഇരകൾ.

പൂരം കാണുവാൻ വരുന്ന ബന്ധുജനങ്ങളെകൊണ്ട് വീട് എപ്പോഴും ശബ്ദ്മുഖരിതമാകും.

അമ്മ എല്ലാവരെയും നന്നായി സൽക്കരിക്കാനുള്ള തിരക്കിലും.

അതിനാൽ തന്നെ മറ്റാരും അറിയാതെ ഞങ്ങൾക്ക് ഞങ്ങളുടെ കുരുത്തക്കേടുകളുടെ കളിയരങ്ങ് തീർക്കാം.

ബന്ധുജനങ്ങൾ അവശേഷിപ്പിക്കുന്ന വേയ്സ്റ്റ്

.അതാ‍യത്.എല്ലിൻ കഷണങ്ങൾ,മീൻ മുള്ളുകൾ, ഫ്രൂട്സിന്റെ തൊലികൾ ഇവയൊക്കെയായിരുന്നു ഞങ്ങളുടെ പണിയായുധങ്ങൾ.

വേയ്സ്റ്റ് ബാസ്ക്കറ്റിൽനിന്നും അവ കൊച്ചു കൊച്ചു ബോക്സുകളിലേയ്ക്ക് മാറ്റി നന്നായി കവർ ചെയ്യും. അടുത്തതായി ആ കവർ ആരും കാണാതെ റോഡീൽ കൊണ്ട് പോയി വയ്ക്കുക എന്നതാണ്. പിന്നെ ഇരകൾക്കായി കാത്തിരിക്കും.

പല മാന്യന്മാരും തിളങ്ങുന്ന ബോക്സ് കാലുകൾകൊണ്ട് തട്ടിമാറ്റി തട്ടിമാറ്റി കൈക്കുള്ളിലാക്കും.

പക്ഷെ….എല്ലിൻ കഷണങ്ങളും വേയ്സ്റ്റും കണ്ട് ചമ്മിയ മുഖവുമായി സ്ഥലം വിടും. ഇലഞ്ഞിതറമേളകൊഴുപ്പിൽ ഞങ്ങളുടെ പൊട്ടിച്ചിരികൾ ആരും കേൾക്കില്ല.

ആ ബോക്സുകൾ മൊത്തം അങ്ങിനെ തീരുമ്പോഴേയ്ക്കും തേക്കിൻ കാട്ടിൽ കുടമാറ്റത്തിനു അരങ്ങൊരുങ്ങും.

പിന്നെ ബഹളമാണ്…പെട്ടെന്നുള്ള ഒരുക്കങ്ങൾ…കാരണം കുടകൾ മാറുന്നതിനനുസരിച്ച് കൂവാൻ പൂരതിരക്കിനൊപ്പം ചേരണം.

അത് നിർബന്ധമാണ് ഞങ്ങൾക്ക്.

ജയ് ഹിന്ദ് ബിൽഡിങ്ങിലെ മുകൾനിലയിലാണു ഞങ്ങളുടെ താവളം.കസിൻസുമൊക്കെയായി ഒരു കുട്ടിപട്ടാളം തന്നെയുണ്ടാകും.

കുടകൾ മാറുന്നത് കണ്ടില്ലെങ്കിലും കൂവുന്ന ചേട്ടന്മാർക്കൊപ്പം ക്യത്യമായി ഞങ്ങളും കൂവും.അവർ “ചുമപ്പ്…മഞ്ഞ..നീല എന്നൊക്കെ പറയുമ്പോൾ കുടകൾ കണ്ടില്ലെങ്കിലും ഞങ്ങളും പറയും,“ചുമപ്പ്….മഞ്ഞ…നീല

ഒരിക്കൽ അങ്ങിനെ കൂവിയപ്പോൾ ഒരു അങ്കിൾ ചോദിച്ചു,“വല്ലതും കണ്ടോ…?”

“ഇല്ല”.ഞാൻ പറഞ്ഞു.

“പിന്നെന്തിനാ കൂവിയത്”…? അങ്കിൾ

“അങ്കിൾ എന്തിനാ കൂവിയത്…?” ഞാൻ തിരിച്ചു ചോദിച്ചു

“ഞാൻ കാണുന്നുണ്ട്…ദാ…” എന്ന് പറഞ്ഞ് അങ്കിൾ കൈച്ചൂണ്ടി

“അങ്കിളിന്റെ അത്ര ഉയരം വയ്ക്കുമ്പോൾ ഞാനും കണ്ട് കൂവിക്കോളാം”എന്നു പറഞ്ഞു ഞാൻ അവിടുന്നു ഓടികളഞ്ഞു.

അതിനു ശേഷം കൂവുമ്പോഴൊക്കെ ആ അങ്കിളിന്റ് ചോദ്യം ഓർമ വരും.അപ്പോൾ കൂവലിന്റെ ശക്തി കുറയും…..

കുടമാറ്റത്തിനു ശേഷം ശക്തൻ തമ്പുരാന്റെ പ്രതിമയെ വലം വച്ചാനകൾ നീങ്ങുമ്പോൾ ഞങ്ങളും താഴോട്ട് പടികളിറങ്ങും.

പ്രദിക്ഷണ വഴിയിലൂടെ അമ്പലപന്തലുകൾ കണ്ടുള്ള

നടപ്പ് തേക്കിൻ കാട് മൈതാനിയിൽ അവസാനിക്കും. ഒരു കൊച്ചു വെടിക്കെട്ടിനു തിരിതെളിക്കും വരെ അവിടെ വെടി പറഞ്ഞിരിക്കും.

ആ വെടിക്കെട്ട് കൂടി പൂർത്തിയാവുമ്പോൾ ഞങ്ങൾ കുട്ടികളുടെ പൂരകാഴച്ചകൾ അവസാനിക്കും.പിന്നെ അപ്പച്ച്നും അമ്മയ്ക്കുമൊപ്പം വീട്ടിലേയ്ക്ക്.

അപ്പോഴും തേക്കിൻ കാട് ഉറങ്ങാതിരിക്കും..പുലർച്ചയുടെ വെടിക്കെട്ട് മമാങ്കത്തിനായി.

പിന്നെ പിറ്റെ ദിവസത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പകൽ പൂരത്തിന്റെ ആ വർഷത്തെ അവസാന പൂര കാഴ്ച്ചകൾക്കായി.

ഈയലുകള്‍...!!!

വിളക്കിന്റെ വെട്ടം മോഹിചൊരീയലുകള്‍ ഞങ്ങള്‍ ...!!!
വിളിക്കാതെ വന്നാ വിഭയില്‍ മുങ്ങി -
വിധിക്ക് കീഴടങ്ങുന്ന ,
വിധിയുടെ വിചിത്ര ജന്മങ്ങള്‍ ഞങ്ങള്‍ .

മുകളിലോട്ടു പറക്കുമ്പോള്‍ തെല്ലോന്നഹങ്കരിക്കും ....
മനുഷ്യ ജന്മങ്ങള്‍ക്ക് മേലെയീ പറക്കലെന്നുമെങ്കിലും -
മരിക്കുവാനായ് മാത്രമേ പറക്കലെന്നു -
മരിക്കുവോളം ഞങ്ങളറിയുന്നില്ലല്ലോ ...?

ആ വിളക്കിന്‍ പ്രഭയെതൊട്ട് -
ആയുസ്സെത്താതെ ചിറകറ്റു വീഴുമ്പോഴും ,
അല്പ്പത്തരമെന്നാര്‍ക്ക് തോന്നിയാലും ....
ആശിചതു തൊട്ടെന്നഭിമാനിക്കും ഞങ്ങള്‍ .

കരയാറില്ല ....വിളക്കുമരങ്ങളൊരിക്കലും ,
കരിഞ്ഞു ഞങ്ങള്‍ തീരുമ്പോഴും ,
കാരണം ...., വിളക്കെത്ര കണ്ടിരിക്കുന്നു വിധിയുടെയീ -
കൊച്ചു മരണങ്ങള്‍ ...!!!

എങ്കിലും പാഠങ്ങള്‍ പഠിക്കുന്നില്ല ഞങ്ങള്‍
എല്ലാം വിധിയുടെയാവര്‍ത്തനങ്ങള്‍....
എല്ലാ പ്രഭകളെയും തൊട്ടുനോക്കി ,
എല്ലായ്പ്പോഴും മരിച്ചുവീഴുവാന്‍ മാത്രമീ ജന്മങ്ങള്‍ ...!!!

അണ്ടിയില്ലാത്ത മാമ്പഴങ്ങള്‍...!

കരിയിലകള്‍ പൊഴിയുന്നത് കാലമെത്തിയിട്ടാണ് പക്ഷെ..
കൊച്ചു മാമ്പൂവുകള്‍ അടരുന്നതോ...?
കായ്ക്കുവാനായ് വിരിഞ്ഞിട്ടും കണക്കുതെറ്റി -
കാലം അടര്‍ത്തിയെടുക്കുന്നവ ...!
വിധിയുടെ കണക്കു പുസ്തകത്തില്‍ -
വിധിക്ക് മാത്രമറിയുന്ന കണക്കുകളറിയാതെ -
വിളഞ്ഞു പഴുക്കും മാമ്പഴങ്ങളെ സ്വപ്നം കണ്ടു
വിഡ്ഢി വേഷം കെട്ടിയവര്‍ നമ്മള്‍... !
പൊഴിയാതെ പൂത്തു കായ്ച്ചവയില്‍ -
പുഴുകുത്തുകള്‍ വീഴുമ്പോള്‍ ....
പിന്നെയും പൊലിയുന്നു,
പൂവിട്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ...!
ഒടുക്കം വീണു കിട്ടിയ മാമ്പഴത്തെപൂളി -
ഒട്ടൊരു പരിഭവത്തോടെ മാവിനോടോതും ,
ഒട്ടുമേ വേണ്ട ഞങ്ങള്‍ക്കീയണ്ടിയുള്ള മാമ്പഴങ്ങള്‍
ഒന്നടര്‍ത്താമോ ഞങ്ങള്‍ക്ക് വേണ്ടി മാത്രം , അണ്ടിയില്ലാത്ത മാമ്പഴങ്ങള്‍... !
മാവിന്റെ നിസ്സാഹായതയെ പരിഹസിച്ചു -
മാനത്തമ്പിളിയെ തൊടാനാശിക്കുമ്പോഴും ,
മനസ്സറിയുമോ ..മനുഷ്യജന്മങ്ങള്‍ക്കി കൊച്ചു -
മങ്ങാണ്ടിയോളം പോലും പുണ്യമില്ലത്രേ ...!
ആയുസ്സെത്താതകലുന്നതോക്കെയും
അകതാരിലവശേഷിപ്പിക്കുന്നത് മുറിവുകള്‍ മാത്രം ,
ആയുസ്സെത്തിയിട്ടും പൊഴിയാതവശേഷിക്കുന്നവയെ
അധികപറ്റായ് വരവ് വയ്ക്കുമേവരും .

വിവാഹം

ഒന്ന് കുലുക്കി പിന്നെയുമെറിഞ്ഞു കളിക്കും പകിട പോലിത്...
ഒന്നായ് ചേരുമ്പോഴും പകിട പന്ത്രന്ടല്ലെങ്കില്‍ -
ഒരുപാട് പകിടികളരങ്ങെറും,
ഒരിക്കലും അഴിച്ചുവയ്ക്കുവാനാകാത്ത മാറാപ്പു പോലിത് !
വാശികളരങ്ങ്‌ തകര്‍ക്കുമി ചൂതുകളിയില്‍ -
വാശികള്‍ക്ക് മുന്‍പില്‍ തോറ്റുകൊടുത്തെങ്കില്‍ ...
വിജയം നിങ്ങള്‍ക്കായ് മാത്രം വാതില്‍ തുറക്കും ,
വിവാഹം ഉറപ്പിക്കും ചരടുകള്‍ പൊട്ടാതിരിക്കും .
നിനക്ക് ഞാനുമെനിക്ക് നീയുമെന്നതിനപ്പുറം,
നിനക്ക് നീയുമെനിക്ക് ഞാനുമെന്ന് തുടങ്ങുമ്പോള്‍ -
നിലയ്ക്കുകയാണ് സ്നേഹത്തിന്‍ നീരുറവകള്‍ -ഒഴുകുകയാണ് ,
നിലയ്ക്കാത്ത മുറുമുറുപ്പുകളുടെ പ്രവാഹങ്ങള്‍ .
ചട്ടിയും കലവുമായ് തട്ടിയും മുട്ടിയുമിരുന്ന് -
ചക്രങ്ങളുരുമ്പോഴെപ്പോഴോക്കെയോ നാമറിയും ,
ചങ്ങഴി കൊണ്ടള ക്കാനാകാത്ത ചങ്കിനുറപ്പേകും കൂട്ടിത് !
ചങ്ങലകളഴിക്കാനാഗ്രഹിക്കാതത സ്നേഹ പൂട്ടിത് !
ഒന്ന് മറ്റൊന്നിനു വളമായ് -
ഒരു പാട് പഴകുംതോറും രുചിയേറുന്ന വീഞ്ഞായ് -
ഒരിക്കലുമിളകാത്ത പാറമേല്‍ പണിത താകട്ടെ -
ഒത്തിരി സ്നേഹങ്ങളുടെയീ കൊച്ചു ഉടമ്പടികള്‍ .
എങ്കില്‍ ....,
പകിടകള്‍ പന്ത്രന്ടുമെന്നും കയ്യിലിരിക്കും !
പകിട പന്ത്രടെങ്കില്‍ വിജയവും സുനിശ്ചിതം !
പകിടികളൊഴിവാക്കാം ,
പകരം നല്ല പാതിക്കെന്നും പത്തര

മാറ്റിന്‍ ‍ സ്നേഹ സുഗന്ധം .

കിനാവ്


അര്‍ദ്ധരാത്രികളിലെ മയക്കങ്ങളിലെന്നെ-
അറിയാ ഇടങ്ങളിലേയ്ക്കെത്തിക്കും.
അറ്റമില്ലാത്തയെന്നാശകളിലൂടെ-
അതിരുകളില്ലാതെ ഞാന്‍ സഞ്ചരിക്കും.

പല നാടുകള്‍ കണ്ട്...പവിഴദ്വീപുകള്‍ കണ്ട്,
പഞ്ചാരമണലിലൂടെ നടക്കുമ്പോള്‍ ,കഥകള്‍ പറയാന്‍...
പറഞ്ഞവയേറ്റു പിടിക്കുവാന്‍ നിങ്ങളുമുണ്ടാകും,
പരേതാത്മാക്കളെന്നീ ലോകം വിളിക്കുമെന്‍ പ്രിയര്‍.

കണ്ണുകളിലുറക്കം വന്നു തൂങ്ങുമ്പോള്‍ -
കാരണമില്ലാതാഹ്ലാദിക്കുന്ന മനസാണെന്റേത്.
കിനാവേ... എനിക്ക് നിന്നോടാണ് പ്രണയം
കാരണം ..., നീയാണെനിക്കവരെ പിന്നെയും കൂട്ടുതരുന്നത്.

നെഞ്ചില്‍ നീറ്റലവശേഷിപ്പിച്ചവര്‍...
നിലാ പുഞ്ചിരിയോടൊത്തു കൂടുന്നിടത്തേയ്ക്ക്
നീയെന്‍ മനസിനെ കൂട്ടുമ്പോള്‍
നിനക്കയാണെന്നിരവുകള്‍, കിനാവേ നിനക്കായ് മാത്രം.

മരണത്തെ തോല്‍പ്പിക്കാനാവില്ലെനിക്ക്
മരണത്തിനെന്‍ പ്രിയപ്പെട്ടവരേയും.
മരിക്കാതെ ജീവിക്കുമെന്‍ മനസിലെന്‍ പ്രിയര്‍
മരണത്തെ തോല്‍പ്പിച്ചുകൊണ്ട്....നിത്യവുമെന്‍ കിനാക്കളിലൂടെ.